ജീവിതത്തിന്‍റെയും കവിതയുടെയും യാത്രയിലൂടെ ഏകനായി ജീവിച്ച കവിയായിരുന്നു ഡി. വിനയചന്ദ്രന്‍.. . ചെറുതായ ദര്‍പ്പണത്തില്‍ കവിതയുടെ വലുതായ പ്രതിബിംബത്തെ കാട്ടിത്തന്ന ആ കവിയുടെ ഓര്‍മ്മകള്‍ മനസ്സില്‍ നിന്നകറ്റാവുന്നതല്ല. താളാത്മകമായി ഉറക്കെ കവിതകള്‍ പാടി അതിലെ ഓരോ വരികളും കേള്‍വിക്കാരന് അനുനിമിഷം തന്നെ ഹൃദിസ്ഥമാക്കാന്‍ സാധിപ്പിക്കുക എന്നത് അദ്ദേഹത്തിന്‍റെ കവിത ചൊല്ലലിന്‍റെ ഒരു മാസ്മരികാനുഭവം തന്നെയായിരുന്നു.
മൂന്ന് വര്‍ഷം മുമ്പ് ആറ്റിങ്ങലില്‍ വച്ച് സര്‍ഗസാഹിതിയുടെ സാഹിത്യപുരസ്ക്കാരം സ്വീകരിയ്ക്കാനെത്തിയ ചടങ്ങില്‍ വച്ചായിരുന്നു
ഡി. വിനയചന്ദ്രന്‍ െഎന്ന പേരുകേട്ട കവിയെ പരിചയപ്പെടാന്‍ അവസരം ലഭിച്ചത്. പുരസ്ക്കാരം സമ്മാനിക്കുന്നത് അദ്ദേഹമാണെന്നറിഞ്ഞപ്പോള്‍
അത് സ്വീകരിക്കുന്നതിനേക്കാളേ റെ അദ്ദേഹത്തെ ഒന്ന് പരിചയപ്പെടാന്‍
കഴിയുമല്ലോ എന്നോര്‍ത്തായിരുന്നു സന്തോഷം. വിശാലമായ ഒരു സദസ്സില്‍ വച്ചായിരുന്നില്ല ആ ചടങ്ങ് എന്നിരുന്നാല്‍ക്കൂടിയും ആ ചെറിയ സദസ്സിനെ അദ്ദേഹത്തിന്‍റെ സാമീപ്യം കൊണ്ടും കവിതാലാപനം കൊണ്ടും ഒരു മഹത് സദസ്സാക്കിത്തീര്‍ക്കാന്‍ േഅദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
പരിചയപ്പെട്ടപ്പോള്‍ തന്നെ എന്‍റെ ബാലസാഹിത്യകൃതിയായ "വാനരപ്പട" ഞാന്‍ അദ്ദേഹത്തിന് നല്കിയിരുന്നു. എഴുത്തിന്‍റെ പണിപ്പുരയിലായിരുന്ന പുസ്തകത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഓട്ടോഗ്രാഫില്‍ എഴുതിത്തരാനും അദ്ദേഹം മറന്നില്ല.
പിന്നീടുള്ള എന്‍റെ സാഹിത്യരചനകളില്‍ അദ്ദേഹത്തിന്‍റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നിര്‍ലോഭം ലഭിച്ചിരുന്നു. പല കവിയരങ്ങുകളിലും കഥാവേളകളിലും വിനയചന്ദ്രന്‍ സാറിനോടൊപ്പം കഥകളും കവിതകളും അവതരിപ്പിയ്ക്കാന്‍ എനിയ്ക്ക കഴിഞ്ഞിട്ടുണ്ട്.അപ്പോഴെല്ലാം മനസ്സ് കൊണ്ട് ഗുരുവായി സങ്കല്പ്പിച്ചിരുന്ന അദ്ദേഹം അദൃശ്യകരങ്ങള്‍ കൊണ്ട്എന്നെ അനുഗ്രഹിച്ചിരുന്നതായി എനിയ്ക്ക് തോന്നിയിട്ടുണ്ട്.
എം. ചന്ദ്രപ്രകാശ് എഡിറ്റ് ചെയ്ത കഥയുടെ ഓര്‍മ്മപ്പുസ്തകമായ ''മഴവില്ലി"ല്‍ അദ്ദേഹത്തിന്‍റെ " വെള്ളം വേണ്ടാത്ത കിണര്‍""'' എന്ന കഥയോടൊപ്പം എന്‍റെയും ഒരു ചെറുകഥ പ്രസിദ്ധീകരിച്ച് കണ്ടപ്പോഴും സന്തോഷം അടക്കാനായില്ല.
ഇക്കഴിഞ്ഞ ജനുവരി 23 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ റവന്യൂ ജില്ല കലാമത്സരങ്ങളുടെയും ശില്പശാലയുടെയും സമാപനച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നപ്പോഴായിരുന്നു വിനയചന്ദ്രന്‍ സാറിനെ അവസാനമായി കണ്ടത്. ചിന്തകളുടെ ജീവനും ആധുനികതയുടെ കാതലുമായ കവിതകള്‍ അവതരിപ്പിച്ച് പുതുതലമുറയുടെ വ്യക്തിബോധനത്തിന്‍റെ ആകുലതകള്‍ വാക്കുകളില്‍ പ്രകടിപ്പിച്ച് അദ്ദേഹം സംസാരിച്ചിരുന്നു.കുശലാന്വേഷണങ്ങള്‍ക്കിടയിലും സാഹിത്യരചനകളില്‍ സജീവമാകണം എന്ന ഉപദേശം തരാനും അദ്ദേഹം മറന്നിരുന്നില്ല.
ഇടയ്ക്കൊരു ദിവസം ഞാനും എന്‍റെ സുഹൃത്തായ കവി അനിതാഹരിയുമൊപ്പം അദ്ദേഹത്തിന്‍റെ" സരസ്വതീ കൃഷ്ണ" എന്ന വീട്ടില്‍
അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. മുറിയില്‍ അടുക്കിയും അടുക്കാതെയും ചിതറിക്കിടക്കുന്ന പുസ്തകശേഖരങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്കൊരിപ്പിടം തരാന്‍ അദ്ദേഹം നന്നേ ക്ളേശിച്ചു.
"നിങ്ങള്‍ക്ക് തരാന്‍ ഇവിടെ ഒന്നുമില്ല" എന്ന് സാര്‍ പറഞ്ഞപ്പോള്‍ഞങ്ങള്‍ക്കോരോ പുസ്തകം തന്നാല്‍ മതി എന്നാണ് ഞങ്ങള്‍
പറഞ്ഞത്. അങ്ങനെ പറഞ്ഞത് അദ്ദേഹത്തിന് ബുദ്ധിമുട്ടായോ എന്ന് ഞങ്ങള്‍ ശങ്കിച്ചു. കാരണം വളരെനേരത്തെ തെരച്ചിലിന് ശേഷമാണ് അദ്ദേഹം ഓരോ പുസ്തകം ഞങ്ങള്‍ക്ക് സമ്മാനിച്ചത്. പുസ്തകം തരാനുള്ള വൈമനസ്യം കൊണ്ടാണോ അത്രയും താമസം നേരിട്ടതെന്ന് ഞങ്ങള്‍ സംശയിക്കാതിരുന്നില്ല. പുസ്തകങ്ങളെ സ്നേഹിക്കുന്ന ഒരാള്‍ക്ക് അത് നഷ്ടമായാല്‍ വിഷമമാകും എന്നോര്‍ക്കാന്‍ കഴിയാത്ത മനസ്സിനെ പിന്നീട് കുറ്റപ്പെടുത്തേണ്ടി വന്നു. എന്തായാലും എനിയ്ക്ക് സമ്മാനമായിക്കിട്ടിയത്
"കലിപുരുഷന്‍ '' എന്ന കവിതാസമാഹാരമായിരുന്നു. സാറിന് അദ്ദേഹത്തിന്‍റെ സുഹൃത്ത് സമ്മാനമായി നല്‍കിയതായിരുന്നു. അതാവാം പുസ്തകം തരാന്‍ വൈമനസ്യം നേരിട്ടതായി തോന്നിയത്.
മാത്രവുമല്ല അതില്‍ "പ്രിയസുഹൃത്ത് വിനയചന്ദ്രന്,
സസ്നേഹം ഉണ്ണിക്കൃഷ്ണന്‍ " എന്നെഴുതി ഒപ്പു വച്ചിരുന്നു. ആ പുസ്തകം ഇന്നും ഞാന്‍ നിധി പോലെ സൂക്ഷിക്കുന്നു.
മലയാളത്തനിമയെയും നാട്ടുഭാഷകളെയുമൊക്കെ കവിതകളാക്കി വിനയകാവ്യം രചിച്ച ആ ഗുരുസ്ഥാനീയന്‍റെ വിയോഗം ഇത്ര പെട്ടെന്നുണ്ടാവുമെന്ന് നിനച്ചതേയില്ല. വിട പറയുന്നതിന് ഒരാഴ്ച മുമ്പ് ഒരു സ്കൂളിന്‍റെ വാര്‍ഷികാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനെക്കുറിച്ച് ഫോണില്‍ സംസാരിച്ചിരുന്നു.
"ഞാന്‍ സിറ്റി വിട്ട് ഒരു പരിപാടിയിലും പങ്കെടുക്കുന്നില്ല " എന്ന് പറഞ്ഞപ്പോള്‍ത്തന്നെ അദ്ദേഹത്തിന് ഒരു സുഖമില്ലായ്മയുടെ ലാഞ്ഛന അനുഭവപ്പെട്ടിരുന്നു. ഇതിനടയിലും സാഹിത്യ രചനകളില്‍ സജീവമാകണമെന്നുള്ള ഉപദേശം തരാന്‍ അദ്ദേഹം മടിച്ചില്ല.
ഞാനായിട്ട് ബാക്കിവച്ച ഒരാഗ്രഹത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ ഇപ്പോഴും ദുഃഖിയ്ക്കുന്നു. സാറിന്‍റെ കവിതയിലും പ്രകൃതിയുമായുള്ള ചങ്ങാത്തത്തിലം പുഴയും ഗ്രാമവുമൊക്കെ ഇടം തേടുമ്പോള്‍, എന്‍റെ വീടും
അങ്ങനെയുള്ള ഒരു പ്രദേശത്താണെന്നറിഞ്ഞപ്പോള്‍ എന്‍റെ വീട്ടിലേയ്ക്കുള്ള വഴിയും ചോദിച്ചറിഞ്ഞിരുന്നു. വീടിന്‍റെ പണി പൂര്‍ത്തിയായിട്ടില്ലായിരുന്നതിനാല്‍ അത് കഴിഞ്ഞിട്ട് വീട്ടിലേയ്ക്ക് ക്ഷണിയ്ക്കാമെന്ന് ഞാന്‍ വാക്ക് കൊടുത്തിരുന്നു. ആ വാക്ക് പാലിയ്ക്കാന്‍ കഴിയാത്തതിനാല്‍ ഞാനായിട്ട് ആ ആഗ്രഹം ബാക്കി വച്ച് യാത്രയാകേണ്ടി വന്നു. ആ ദുഃഖം എന്നില്‍ നിന്നൊരിയ്ക്കലും വിട്ടൊഴിയുകയുമില്ല.
മനസ്സില്‍ ഉറഞ്ഞു കൂടിയ ദുഃഖത്തിന്‍റെ കരിമഷി പടര്‍ന്ന അക്ഷരങ്ങള്‍ കൊണ്ടെങ്കിലും ഗുരുപൂജ ചെയ്തില്ലെങ്കില്‍ ഈ എളിയ ശിഷ്യയോട് അദ്ദേഹത്തിന്‍റെ ആത്മാവ് പൊറുക്കുമോ?
''കൊണ്ടു പോകില്ലൊരിയ്ക്കലും
ഒന്നും തന്‍ ശവമഞ്ചലിനൊപ്പം
കൊണ്ടു പോകുന്നു ആത്മമിത്രമേ,
നിന്‍ സ്നേഹ മലര്‍വനിയിലെ
ഒരു കുടന്ന പൂവും ഒരു തുള്ളിക്കണ്ണീരും
എന്‍ ശവക്കച്ചയില്‍ വച്ചമര്‍ത്തിപ്പുണരാന്‍"""''................................
No comments:
Post a Comment