Friday, 18 January 2013

സ്വര്‍ഗത്തിലെ മാലാഖ



                     അനുവിന്  കിടന്നിട്ട്  ഉറക്കം  വന്നില്ല.  ക്ളാസ്സില്‍  അല്‍ഫോണ്‍സ  ടീച്ചര്‍  പറഞ്ഞ  വാക്കുകള്‍  തന്നെയായിരുന്നു  അവളുടെ  മനസ്സില്‍..
         
               ''കുഞ്ഞുങ്ങളേ,  നിങ്ങള്‍  സ്വര്‍ഗത്തിലെ  മാലാഖമാരെപ്പോലെയാണ്."

ടീച്ചര്‍  പറഞ്ഞ  മാലാഖയെക്കുറിച്ച്  അവള്‍ വീണ്ടും  വീണ്ടും  ഓര്‍ത്തു  നോക്കി

                 മാലാഖമാര്‍ക്ക്  ചിറകുകളുണ്ട്. അവര്‍  പറന്ന്  പറന്ന്  വരും. അവര്‍  വരുമ്പോള്‍  അവിടമാകെ  സുഗന്ധം  പരക്കും.  അവര്‍ക്കിഷ്ടപ്പെട്ട  കുഞ്ഞുങ്ങളെ   തഴുകിത്തലോടും.  അവരുടെ  ചിറകിലേറ്റി  സ്വര്‍ഗം  കാണിയ്ക്കാന്‍  കൊണ്ടു  പോകും.

                 " ഹായ്, അവരുടെ  തലോടലിന്  എ  ന്തു  സുഖമായിരിയ്ക്കും!                          ..മൃദുലമായ അവരുടെ കൈകള്‍  കൊണ്ട്  തലോടുമ്പോള്‍  നമുക്കെന്താവും  തോന്നുക!  പഞ്ഞി കൊണ്ട്  ദേഹമാകെ  തഴുകുന്നതു  പോലെ.  എന്നിട്ട് ചിറകിലേറി  ഒരു  ആകാശ  യാത്ര.  ഹോ!  അത്  ആലോചിയ്ക്കാന്‍  പോലും  വയ്യ.!"

               അതോര്‍ത്തപ്പോള്‍  അവളുടെ  ദേഹത്ത്  കുളിര്  കോരിയിട്ടു.

പക്ഷേ, ടീച്ചര്‍ പറഞ്ഞ  കാര്യം  ഓര്‍ത്തപ്പോള്‍ അവള്‍ക്ക്  വിഷമവും  തോന്നി.

                 മാലാഖമാര്‍  എല്ലാവരുടെയും  അടുത്ത്  വരില്ല.  എല്ലാവരേയും  തലോടില്ല.

                          പിന്നെ?

             '' മാലാഖമാര്‍ക്ക്  ഇഷ്ടമാവണം''.!

              ''എങ്ങനെയാ   അത്?  വെളുത്ത്  സുന്ദരിയായാല്‍  ഇഷ്ടമാവോ''?

                ''ഏയ് അല്ല,  അങ്ങനെയല്ലല്ലോ  ടീച്ചര്‍  പറഞ്ഞത്.''

മാലാഖമാര്‍ക്ക്  ഇഷ്ടമാവണമെങ്കില്‍   നല്ല  സ്വഭാവമുള്ളവരാകണം. ഈശ്വരനെ  ധ്യാനിയ്ക്കണം.  മാതാപിതാക്കളെയും  ഗുരുക്കന്‍മാരെയും  ബഹുമാനിയ്ക്കണം.  മുതിര്‍ന്നവരെ  ആദരിയ്ക്കണം. മറ്റുള്ളവരോട്  സ്നേഹത്തോടെ  പെരുമാറണം.  അവശരോട്  കരുണ  കാട്ടണം.  മനസ്സിന്‍റെ
സൗന്ദര്യമാണ്  മാലാഖമാര്‍  ഇഷ്ടപ്പെടുക!

                      അനുവിന്  അന്ന് ഉറങ്ങാനേ  കഴിഞ്ഞില്ല.  അവളുടെ  മനസ്സില്‍  ചിറക്  വീശി  പറന്നു  വരുന്ന  മാലാഖയെപ്പറ്റി  മാത്രമായിരുന്നു  ചിന്ത!

                 '' മാലാഖയ്ക്ക്  തന്നെ  ഇഷ്ടമാവുമോ? എന്നെ  ഇഷ്ടമാണെന്ന്  എങ്ങനെ അറിയും?''

                    അല്‍ഫോണ്‍സ  ടീച്ചര്‍ക്ക്  എന്നെ  ഇഷ്ടമാണല്ലോ.  അപ്പോള്‍  മാലാഖയ്ക്കും  എന്നെ  ഇഷ്ടമാവാതിരിയ്ക്കില്ല.

                    അവള്‍  ഓരോ  ദിവസവും  മാലാഖയുടെ  ചിറകിന്‍  സ്പര്‍ശവും  വരുമ്പോഴുണ്ടാകുന്ന  സുഗന്ധവും  സ്വപ്നം  കണ്ടുറങ്ങി.

                      ഒരു  ദിവസം  ഉറങ്ങിക്കടന്നപ്പോള്‍  അവളറിഞ്ഞു.

"ആരാണ്  പഞ്ഞിപോലെ  മൃദുലമായ  സ്പര്‍ശം  കൊണ്ട്  തന്നെ  തഴുകി  തലോടുന്നത്?  അമ്മയുടെ  കൈകളാണോ?  അല്ലല്ലോ?  അമ്മയുടെ  കൈകള്‍  അടുക്കളയില്‍   ജോലി  ചെയ്ത്  പാറ  പോലെയാണല്ലോ  ഇരിയ്ക്കുന്നത്.''

                         എവിടെ  നിന്നാണ്  ഈ  സുഗന്ധം  വരുന്നത്?

                           താന്‍  സുഗന്ധദ്രവ്യമൊന്നും  പൂശിയിട്ടില്ലല്ലോ?

                         ''   ഹായ് .. ഇത്  മാലാഖയുടെ  കരങ്ങള്‍  തന്നെ!  ഈ  പരിമളവും  മാലാഖയുടേത്  തന്നെ!''

                 മുറി  മുഴുവനും  ആ  സുഗന്ധം  പരന്നു.


                 അവള്‍  കോരിത്തരിച്ചു.    

                   മാലാഖ  അവളെ  കോരിയെടുത്ത്  ചറകിലിരുത്തി.  ഒരു  കുഞ്ഞു  മാലാഖയായി  അനുവും  പറന്ന്  പറന്ന്  പോയി..  അങ്ങ്..........ദൂരെ.........

                             സ്വര്‍ഗം  കാണാനായി..................

2 comments:

  1. മനസ്സിന്‍റെ
    സൗന്ദര്യമാണ് മാലാഖമാര്‍ ഇഷ്ടപ്പെടുക!

    Very good

    ReplyDelete
  2. ടീച്ചര്മാര് കുട്ടികള്ക്ക് പറഞ്ഞുകൊടുക്കുന്ന ലളിത സുന്ദരമായ ഒരു കഥപോലെ തുടങ്ങി. പക്ഷെ അവസാനം ട്രാജഡിയാക്കി കളഞ്ഞല്ലോ...അതുവേണ്ടായിരുന്നു.

    ReplyDelete