Monday, 20 May 2013

ആതുരം

                 പടിഞ്ഞാറ്  അന്തിവാനത്ത് മഞ്ഞളിച്ചു  കിടന്ന  സായാഹ്ന  മേഘങ്ങള്‍..  അവയ്ക്ക്  ചോട്ടിലൂടെ  ഇന്നവള്‍ക്ക്  സാവധാനമേ  നടക്കാന്‍  കഴിഞ്ഞുള്ളൂ.. എന്നും  ഓഫീസ് വിട്ട്  നാട്ടിന്‍പുറത്തേയ്ക്കുള്ള  ബസ്സില്‍  നിന്നും  ഉന്തിത്തള്ളി  പുറത്തേയ്ക്കിറങ്ങിയാല്‍പ്പിന്നെ  വീടെത്താനുള്ള  ധൃതിയാവും.  പതിവിന്  വിപരീതമായിട്ടുള്ള  അവളുടെ  മാറ്റത്തില്‍ അവള്‍ക്ക  ഉള്‍ക്കണ്ഠയില്ല.  എത്രത്തോളം  വൈകിയെത്തുമോ  അത്രയും  നല്ലതെന്ന്  ചിന്തിച്ച്  അവള്‍  പിന്നെയും  നടപ്പിന്‍റെ വേഗത  കുറച്ചു.

                          എന്നും  അവള്‍ വരുന്നതും  കാത്ത് പൂമുഖത്ത്  രാവിലെ  വായിച്ച  പത്രത്തില്‍  വിട്ടു  പേോയ ഒരക്ഷരം  പോലും  കണ്ടെത്തി   വായനയുടെ  ലോകത്ത് മുഴുകിയിരിയ്ക്കുകയാവും   അധ്യാപകനായ  തന്‍റെ  ഭര്‍ത്താവ്.    താന്‍  ചായയുമായി  എത്തുന്നതുവരെ ഈ  ഇരുപ്പ്  തുടരുകയായിരുന്നു  പതിവ്.

                            ആ  രംഗത്തെ  അഭിമുഖീകരിക്കുവാനുള്ള  മനസ്സ്  തന്നില്‍  നിന്നും കൈവിട്ട്  പോയിരിക്കുന്നുവെന്ന്  മായയ്ക്ക്  തോന്നി.  എത്ര  നിയന്ത്രിച്ചിട്ടും  അവള്‍ക്ക്  അതില്‍  നിന്നും  മോചിതയാകാനും  കഴിഞ്ഞില്ല.   വീടിനോടടുക്കുന്തോറും  മനസ്സ്   വല്ലാതെ  ഉള്‍ക്കണ്ഠപ്പെട്ടും  ആകുലപ്പെട്ടുമിരുന്നു. എന്തായാലും   വീട്ടിലെത്തിയല്ലേ  മതിയാവൂ.  വീട്ടിലേയ്ക്കെത്താതെ  എങ്ങോട്ടെങ്കിലും  പിന്തിരിഞ്ഞോടാന്‍  കഴിയില്ലല്ലോ?

                          തനിയ്ക്കെന്താണ്  സംഭവിച്ചത്?


                          അവളില്‍ നിന്നും ചോര്‍ന്നു  പോയ  ധൈര്യവും  ഉത്തരവാദിത്വബോധവുമൊക്കെ  തിരിച്ചുകൊണ്ടുവരാന്‍  വേണ്ടി  അവള്‍  കഠിന ശ്രമം  തന്നെ  നടത്തി.

                         സിറ്റൗട്ടില്‍  പതിവ്  പോലെ പത്രവായനയില്‍   ലയിച്ച്  തന്‍റെ  ഭര്‍ത്താവുണ്ട്.  ആ കാഴ്ച എന്നും  അവള്‍ പ്രതീക്ഷിയ്ക്കാറുള്ളതുമാണ്..പതിവ്  പോലെ  ഒന്ന്  പുഞ്ചിരിയ്ക്കാനോ  കുശലപ്രശ്നങ്ങള്‍  നടത്താനോ   ഇന്നവള്‍  ശ്രമിച്ചതുമില്ല.  അവള്‍ പൂമുഖം  കടന്ന്  അകത്തേയ്ക്ക്  പോയി  കിടക്കയില്‍ വീണ്  ഏങ്ങലടിച്ച്  കരഞ്ഞു.

                   പതിവിന്  വിപരീതമായുള്ള  മായയുടെ  പ്രവൃത്തിയില്‍ അയാള്‍ക്ക് എന്തോ  പന്തികേട്  തോന്നി.  ഓഫീസില്‍  വച്ചോ  ഇനി  ബസ്സിലെ  യാത്രയ്ക്കിടയിലോ   എന്തെങ്കിലും  അരുതായ്ക ഉണ്ടായോ  എന്ന്  ചിന്തിച്ചുകൊണ്ട്   പത്രവുമായി  അയാള്‍  അവള്‍ക്കരികിലെത്തി.

                       തന്നെത്തേടി  തന്‍റെ  ഭര്‍ത്താവ്  തന്‍റെ  അരികിലേയ്ക്ക്  വരുന്നെന്നറിഞ്ഞിട്ടും   മുഖമുയര്‍ത്തി നോക്കുക കൂടി  ചെയ്യാന്‍  അവള്‍  കൂട്ടാക്കിയില്ല. കാരണമന്വേഷിച്ച  അയാള്‍ക്ക്  അവളില്‍ നിന്നും  ഒരു  മറുപടിയും  കിട്ടിയില്ല.

                       അയാള്‍  പിന്നീടൊന്നും  ചോദിയ്ക്കാനോ  നിര്‍ബന്ധമായി  കാരണമെന്തന്നറിയാനോ  ശ്രമിച്ചതുമില്ല.   വേഷം  മാറി  അയാള്‍ പുറത്തേയ്ക്ക് പോയി.

                         അയാള്‍  പോയിക്കഴിഞ്ഞതറിഞ്ഞ്  അവള്‍  വേഷം  മാറി  അടുക്കളയിലേയ്ക്ക്  പോകാന്‍ ശ്രമിച്ചു.   പതിവുള്ള  ചായ  നിര്‍ബന്ധമാണെന്ന്  അറിയാവുന്ന  അവള്‍ ചായയുണ്ടാക്കാനായി  എഴുന്നേറ്റു..  പക്ഷേ,  ഡൈനിംഗ്  ഹാള്‍  വരെ  എത്താനേ  െ  അവള്‍ക്കായുള്ളൂ. അവിടെ  മേശയ്ക്കരികിലുള്ള   കസേരയില്‍  തളര്‍ന്നവള്‍  ഇരുന്നുപോയി.

                         അവളുടെ  മനസ്സ്  വേദനയുടെ  തീജ്വാലയായി  മാറിയിരുന്നു.   ജനാലയിലൂടെ  തഴുകി വന്ന  കുളിര്‍കാറ്റിനൊന്നും  അവളുടെ  മനസ്സിനെ  തണുപ്പിയ്ക്കാന്‍  കഴിഞ്ഞില്ല.  അത്രയ്ക്കും  ചൂടേറ്റ  പ്രഹരമായിരുന്നല്ലോ  
ഓഫീസില്‍  വച്ച്  തനിയ്ക്കുണ്ടായത്...

                             പുതുതായി  ഓഫീസിലേയ്ക്ക്   സ്ഥലം  മാറി  വന്ന  അഞ്ജുവിനെ  തനിയ്ക്ക്  രണ്ട്  മൂന്ന്  ദിവസത്തെ  പരിചയം  മാത്രമേ  ഉണ്ടായിരുന്നുള്ളൂ.തനിയ്ക്ക്  തൊട്ടടുത്തുള്ള  സീറ്റായിരുന്നു  അവളുടേത്.
പുതുതായി വന്ന  സ്റ്റാഫിനെ  ഏല്‍പ്പിയ്ക്കേണ്ട  ജോലികളെക്കുറിച്ച്  പറഞ്ഞുകൊടുക്കുന്നതിനായിരുന്നു  സൂപ്രണ്ട അവളെ  ക്യാബിനിലേയ്ക്ക് വിളിപ്പിച്ചത്.    അവള്‍ ജോയിന്‍  ചെയ്തതിന്  ശേഷം  സൂപ്രണ്ട്  ലീവ്  കഴിഞ്ഞ്  ഇന്നാണ്  തിരികെ  വന്നത്.. അഞ്ജുവിന്‍റെ  ഫോണ്‍  മേശപ്പുറത്ത്  തന്നെയുണ്ടായിരുന്നു.. അതില്‍  തുടരെത്തുടരെ  കേട്ടുകൊണ്ടിരുന്ന  റിംഗ് ടൂണ്‍  വല്ലാതെ  അസ്വസ്ഥപെടുത്തിയത്  കണ്ടപ്പോള്‍ മറ്റ്  സ്റ്റാഫുകള്‍  പറഞ്ഞു.

                        " അതൊന്ന്  എടുക്കൂ  മായേ....  അഞ്ജു  സൂപ്രണ്ടിന്‍റെ  അടുത്തല്ലേ?  ആരെങ്കിലും  എന്തെങ്കിലും  അത്യാവശ്യത്തിന്  വിളിക്കുന്നതായിരിയ്ക്കും .  അഞ്ജു  വരുമ്പോള്‍ വിവരം  പറയാമല്ലോ?"

                        മറ്റുള്ളവരുടെ  ഫോണ്‍  എടുക്കുന്ന  ശീലം  ഇല്ലാത്ത  തനിയ്ക്ക്  ആദ്യം  ഒരു  സങ്കോചം  തോന്നിയെങ്കിലും  പിന്നീട്  അവള്‍  അതെടുത്തു.

                      വന്ന  കോളിന്‍റെ  നമ്പര്‍  നോക്കി.  അവളുടെ  നെറ്റി  ചുളിഞ്ഞു. അവള്‍  ആകെ  അസ്വസ്ഥയായി.  ഓണ്‍  ചെയ്ത്  ചെവിയില്‍  വച്ചു.

                      മറുതലയ്ക്കല്‍  നിന്നും  കാതരമായ  ശബ്ദത്തില്‍  സംസാരിയ്ക്കുന്നു.

                " ചക്കരേ ,  നീയെന്താ  ഫോണെടുക്കാത്തത്?  ഞാന്‍  എത്ര  നേരമായി  വിളിയ്ക്കുന്നു."

                      അവള്‍  ഫോണ്‍  ഓഫാക്കി  മേശപ്പുറത്ത്  വച്ചിട്ട്  കസേരയിലേയ്ക്ക  വീണു.

                      ആ  ശബ്ദം  അവള്‍ തിരിച്ചറിഞ്ഞു  കഴിഞ്ഞിരുന്നു.  അതവളുടെ  ഭര്‍ത്താവിന്‍റേതായിരുന്നു........................

Thursday, 2 May 2013

ശിഷ്യയായ അധ്യാപിക

                      വീട്ടില്‍  നിന്നിറങ്ങുന്നതിന്  മുമ്പേ  ക്ളാസ്സില്‍  ഇന്ന്  എങ്ങനെയായിരിയ്ക്കണമെന്ന്  തീര്‍ച്ചപ്പെടുത്തി.. ഇന്ന്  എന്തായാലും  ഇന്നലത്തെപ്പോലെ കുട്ടികളുടെ  മുന്നില്‍  നാണം  കെടാന്‍ വയ്യ. തലേ  ദിവസം പഠിപ്പിച്ചതെല്ലാം  ഒന്നു  കൂടി  ഓര്‍ത്തു നോക്കി.  ഹോംവര്‍ക്ക്  ചെയ്തതില്‍  വല്ല  തെറ്റും  വരുമോ?
                     
                       ക്ളാസ്സില്‍  ചെന്നിട്ട്   സാര്‍  വരുന്നതിന്  മുമ്പ്  ഒന്നു  കൂടി  നോക്കാം.
ആ  ശിഷ്യ  കണക്കുകൂട്ടി.

                      പുസ്തകസഞ്ചിയും  തോളില്‍  തൂക്കി  കൂട്ടുകാരോടൊപ്പം  പഠിയ്ക്കാന്‍  ഇറങ്ങുമ്പോള്‍  അമ്മ  നെറ്റിയില്‍  ഉമ്മ  വച്ചു  കൊണ്ട്  പറയും.

                   " മോള്  നന്നായി  പഠിയ്ക്കണം  കേട്ടോ? സാറന്മാര്   പറയുന്നതെല്ലാം  കേള്‍ക്കണം. അവര്  ദൈവത്തെപ്പോലെയാ.  പഠിച്ച്  മിടുക്കിയായി  രാധാമണി  ടീച്ചറെപ്പോലെ  ഒരു  ടീച്ചറാകണം  കേട്ടോ?"

                    അഞ്ചാം  ക്ളാസ്സു  മുതല്‍ രാധാമണി  ടീച്ചര്‍  ആയിരുന്നു  എന്‍റെ  ക്ളാസ്സ്  ടീച്ചര്‍.. .  അമ്മ  പറഞ്ഞതുപോലെ ,സാറന്മാര്  പറഞ്ഞതു പോലെ തന്നെ കേട്ടു  പഠിച്ചു. "മിടുക്കി"  എന്ന്തന്നെ  വിളിച്ചതും  രാധാമണി  ടീച്ചര്‍  തന്നെയായിരുന്നു. മറ്റുള്ള  സാറന്മാരുടെ  മുമ്പില്‍  താന്‍  മിടുക്കിയാവാതിരുന്നതു കൊണ്ടല്ല,  അഭിനന്ദിക്കുന്ന  കാര്യത്തില്‍  അവര്‍  പിശുക്ക്  കാട്ടുന്നത്  കൊണ്ടായിരുന്നു  രാധാമണി ടീച്ചറിന്    മാത്രം  ഞാന്‍  മിടുക്കിയായത്.

                  അമ്മ  ആഗ്രഹിച്ചത്  പോലെ  തന്നെ  ഞാനും  രാധാമണി  ടീച്ചറെപ്പോലെ  ഒരു  ടീച്ചറായി.

                    ജീവിതത്തല്‍  വലിയ  മോഹങ്ങളൊന്നും  പാടില്ല.  "Desire is  the  cause  of  misery".  എട്ടാം  ക്ളാസ്സു  മുതല്‍ ഇംഗ്ളീഷ്  പഠിപ്പിച്ച   പി. കെ. ജി  എന്നു ഞങ്ങള്‍ വിളിയ്ക്കുന്ന  പി. കെ  ഗോപാലന്‍  സാര്‍ പറഞ്ഞു  തന്നിട്ടുണ്ട്..  ആഗ്രഹങ്ങളാണ്  എല്ലാ  ദുഃഖങ്ങള്‍ക്കും  ഹേതു. ആശിച്ചിട്ട്  കിട്ടിയില്ലെങ്കില്‍ നിരാശപ്പെടേണ്ടി വരുന്നതിനേക്കാള്‍ നല്ലത്  ആശിക്കാതിരിക്കുന്നതല്ലേ?. അത്  നമുക്കൊരിക്കലും  മനസ്സുഖം  തരില്ല.  അതുകൊണ്ട്  രാധാമണി  ടീച്ചറെപ്പോലെ  ഒരധ്യാപികയാകാനുള്ള   പഠിത്തം  കൊണ്ട്  മാത്രം  തൃപ്തിപ്പടേണ്ടി  വന്നു.

                   അങ്ങനെ  ഒരധ്യാപികയാണ്  ഇന്ന്  തന്‍റെ  മക്കളേക്കാള്‍  പ്രായം  കുറഞ്ഞ  കുട്ടികളോടൊപ്പം   ക്ളാസ്സ്മുറിയിലെ  ബഞ്ചില്‍  ബാഗും  ഒതുക്കി  വച്ച്  പഠിയ്ക്കാനിരിക്കുന്നത്.

                  എന്തേ  ഇപ്പോള്‍  പഠിയ്ക്കാന്‍  തോന്നാനുള്ള  കാരണം  എന്നായിരിക്കും  ചോദിക്കുക?

                   അതെ!  യഥാര്‍ത്ഥത്തില്‍  ഞാനൊരു  പ്രതിസന്ധിയിലാണുള്ളത്.  പത്തിരുപത്  വര്‍ഷങ്ങളായി  അധ്യാപികയായി  ജോലി  ചെയ്യുന്നു.  ഇതുവരെയും  സ്കൂളിന്‍റെ  പരിമിതികള്‍ക്കുള്ളില്‍  നിന്നു  കൊണ്ട്  തന്നെ  ക്ളാസ്സിനകത്തും  പുറത്തും  കുട്ടികളുടെയും  രക്ഷാകര്‍ത്താക്കളുടെയും  സ്നേഹമറിഞ്ഞും  കൊണ്ടും  കൊടുത്തും  കഴിഞ്ഞു  പോന്നു.

                   അപ്പോഴതാ!  അശനിപാതം  പോലെ  സര്‍വീസ്  സംഘടനകളുടെ  പ​ണിമുടക്കം  പ്രഖ്യാപിച്ചിരിക്കുന്നു.   പണിമുടക്കില്‍  പങ്കെടുക്കുവാന്‍  തനിക്ക്
തീരെ താല്പര്യം  ഉണ്ടായിരുന്നില്ല.  ഒരു  സംഘടനയോടുള്ള  എതിര്‍പ്പോ  മറ്റൊരു  സംഘടനയോടുള്ള  വിധേയത്വമോ  കൊണ്ടല്ല,  മറിച്ച്  താന്‍   സമരത്തില്‍  പങ്കെടുക്കാതിരുന്നത്  തന്‍റെ  ജീവിതത്തോടുള്ള  സമരത്തില്‍  ജയിക്കാന്‍  വേണ്ടി  മാത്രമായിരുന്നു.  സര്‍ക്കാരില്‍  നിന്ന്  ലഭിക്കുന്ന  ശമ്പളം  കൊണ്ട്  ജീവിതത്തിന്‍റെ  രണ്ടറ്റവും  കൂട്ടിമുട്ടിക്കുവാന്‍  പാടുപെടുന്ന  തന്നെപ്പോലെയുള്ളവര്‍  'ഡയസ്നോണ്‍""'  നിര്‍ബന്ധമാക്കിയ   പണിമുടക്കില്‍
പങ്കെടുത്ത്  എല്ലാ  'പിടുത്ത'ങ്ങളും   കഴിഞ്ഞ്  തുച്ഛമായ തുക  കയ്യില്‍  വാങ്ങി  ജീവിതത്തിന്‍റെ  കനല്‍ച്ചൂളയില്‍ വെന്തെരിയുന്നത്   പണിമുടക്ക്  വിജയിപ്പിക്കാന്‍  വേണ്ടി   സകല  തന്ത്രങ്ങളും  മെനയുന്ന  സമരാനുകൂലികള്‍ക്ക്  മനസ്സിലാകുമോ?

                എന്‍റെ  ശമ്പളം നഷ്ടപ്പെടുത്തിക്കൊണ്ട്  സമരത്തില്‍  പങ്കെടുക്കാന്‍  കഴിയില്ല  എന്ന് സമരാനുകൂലികളോട്  പറഞ്ഞപ്പോള്‍  ജോലി  കിട്ടാതിരുന്നെങ്കില്‍   ടീച്ചറെങ്ങനെ   ശമ്പളം  വാങ്ങുമെന്ന മറുപടിയ്ക്ക്  സാറിന്  ജോലി  കിട്ടിയില്ലായിരുന്നുവെങ്കില്‍  എങ്ങനെ  സമരം  ചെയ്യുമായിരുന്നുവെന്ന്  ചോദിച്ചത്  ധിക്കാരമായിപ്പോയോ  എന്ന്  സംശയം  ഉണ്ടാകാതിരുന്നില്ല..

                   മാത്രവുമല്ല  പാവപ്പെട്ട  കുറെ  കുട്ടികളുടെ  നിഷ്കളങ്ക മുഖങ്ങള്‍! ! പഠിയ്ക്കാനായി  വരുന്ന  കുട്ടികളെ  സമരത്തിന്‍റെ  പേര്  പറഞ്ഞ  മടക്കി  അയയ്ക്കാനും  താന്‍  തയ്യാറായിരുന്നില്ല..   ഉച്ചഭക്ഷണത്തിനുള്ള   വക  സ്വന്തം  കയ്യില്‍  നിന്ന്  മുടക്കി  അതിന്  പരിഹാരം  കണ്ടു.

                   സമരം  കഴിഞ്ഞ്  പ്രഥമാധ്യാപിക  ഉള്‍പ്പെടെയുള്ളവര്‍  തിരിച്ചെത്തിയപ്പോള്‍  തനിയ്ക്ക്  ലഭിച്ചത്  ശകാര വര്‍ഷങ്ങളുടെ  പെരുമഴയായിരുന്നു.  താന്‍  ചെയ്ത  പൊറുക്കാനാവാത്ത  തെറ്റ്  ഹാജരായ കുട്ടികള്‍ക്ക  ഉച്ചഭക്ഷണവും  കൊടുത്ത്  പഠനം നടത്തിയെന്നതാണ്. പഠനം  നടന്നാല്‍  സമരം  വിജയിച്ചില്ല  എന്ന്  വരില്ലേ?  ഇതില്‍  പ്രകോപിതയായാണ്. അവര്‍ പാചകത്തൊഴിലാളിയുടെ  നേരെയും  ശകാരവര്‍ഷങ്ങള്‍  ചൊരിഞ്ഞത്.

                       "ഞാനാണിവിടത്തെ  അതോറിറ്റി.  എന്‍റെ  കസേരയില്‍  ഇരിയ്ക്കാന്‍  എനിയ്ക്കേ യോഗ്യതയുള്ളൂ.  അതുകൊണ്ട്  മറ്റുള്ളവര്‍  പറയുന്നത്  കേള്‍ക്കേണ്ടതില്ല."

                      "മറ്റുള്ളവര്‍" "''  എന്നുദ്ദേശിച്ചത്  തന്നെയാണെന്ന്  മനസ്സിലാക്കാന്‍  ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ആ  തിരിച്ചറിവാണ്  തന്നെ  ഇന്നൊരു  പഠിതാവായി  ആ  കൊച്ചുകുട്ടികള്‍ക്കൊപ്പം  ക്ളാസ്സിലെത്തിച്ചത്.

                    അര്‍ഹിക്കുന്നത്  പോലും  ആശിയ്ക്കാതിരിക്കുന്നതാണ്  നല്ലതെന്ന   പി.കെ  ഗോപാലന്‍  സാറിന്‍റെ   വാക്കുകള്‍  ധിക്കരിച്ചു കൊണ്ട്  വാര്‍ദ്ധക്യത്തിന്‍റെ  യൗവനത്തില്‍ പദമൂന്നി  നില്‍ക്കുന്ന ഈ  അധ്യാപിക പ്രഥമാധ്യാപികയാകാനുള്ള  മോഹവുമായാണ്  ക്ളാസ്സില്‍  വന്നിരിക്കുന്നത്.

                    ഒരു  മനുഷ്യന്‍  മരിയ്ക്കുന്നതിന് തൊട്ടു  മുമ്പു വരെയും  വിദ്യാര്‍ത്ഥിയാണെന്ന്  പണ്ടേ  വായിച്ചറിഞ്ഞിട്ടുള്ളതാണ്..ആ അറിവാണ്ശരിയെന്നും  താനിപ്പോള്‍  വിശ്വസിക്കുന്നതും  തന്‍റെ  പ്രഥമാധ്യാപികയുടെ  ശകാരങ്ങളില്‍  മനം  നൊന്തിട്ട്  തന്നെ. ഒരു  ദിവസമെങ്കിലും  ആ  കസേരയിലിരിയ്ക്കാനുള്ള  യോഗ്യത  തനിയ്ക്കും  നേടിയെടുക്കണം..

                      ഇന്നലെ ക്ളാസ്സില്‍  അധ്യാപകന്‍ പഠിപ്പിയ്ക്കുമ്പോഴെല്ലാം മനസ്സ്  അലസനായ ഒരു  കുട്ടിയെപ്പോലെയായിരുന്നു.അതിന്  കാരണവുമുണ്ടായിരുന്നു.. വീട്ടില്‍   മക്കള്‍  തമ്മില്‍  ഒരു  ചെറിയ കാര്യത്തിന്  പിണങ്ങിയപ്പോള്‍ സഹോദരങ്ങള്‍  തമ്മില്‍  തെറ്റണ്ട  എന്നു  കരുതി  കണ്ട  കാര്യം  കണ്ടില്ല  എന്ന്  പറഞ്ഞ്  കള്ള സത്യം  ചെയ്യേണ്ടി  വന്നു.. അങ്ങനെ  ചെയ്തതിലുള്ള മനസ്താപം  മൂലം  ഒന്നിലും  ശ്രദ്ധിക്കുവാന്‍  കഴിഞ്ഞില്ല.                                                                 ക്ളാസ്സില്‍   അധ്യാപകന്‍  തന്ന  പ്രവര്‍ത്തനം  ചെയ്തത്  ശരിയാണോയെന്നറിയാതെ  കുഴങ്ങിയപ്പോള്‍    അറിയാതെ  അടുത്തിരുന്ന  കുട്ടിയുടെ  ബുക്കിലേയ്ക്കൊന്നു  നോക്കിപ്പോയി.  കോപ്പിയടിയ്ക്കണമെന്ന  ഉദ്ദേശത്തോടെയായിരുന്നില്ലെങ്കിലും   താന്‍  എഴുതിയത്  പോലെയാണോ  ആ കുട്ടിയും  എഴുതിയത്  എന്നറിയാനാണ്   ഒന്ന് നോക്കിയത്.

                           പക്ഷേ, താന്‍  കോപ്പിയടിയ്ക്കാനാണ്  നോക്കിയതെന്ന്  വിചാരിച്ച്  ആ  കുട്ടി  രണ്ട്  കൈ കൊണ്ടും  ബുക്ക്  പൊത്തിപ്പിടിച്ചു.
ആ കുട്ടിയുടെ  മുമ്പില്‍ താന്‍  ചെറുതായിപ്പോയോ  എന്നു  തോന്നിയെങ്കിലും പഠിയ്ക്കാനുള്ള  തന്‍റെ  ആവേശവും യാഥാര്‍ത്ഥ്യം  സഫലീകരിക്കുന്നതിനുള്ള  ഉത്ക്കണ്ഠയും  മൂലം  അത്  കാര്യമായിട്ടെടുക്കാന്‍ തോന്നിയില്ല.  ഉത്തരം  എഴുതിയ  ബുക്ക്  സാറിനെ  കാണിച്ചപ്പോഴും   തെറ്റിയ  ഭാഗം  ഒന്നു കൂടി  പറഞ്ഞു  മനസ്സിലാക്കിത്തരുമ്പോഴും   ആ  കുട്ടി  പുച്ഛത്തോടെ  തന്നെ  നോക്കുന്നത്  ഒളികണ്ണാല്‍  താന്‍  കാണാതിരുന്നില്ല.

                       അതില്‍  തനിയ്ക്ക്  വിഷമം  തോന്നിയെങ്കിലും  തന്‍റെ  ആ  പ്രായത്തിലേയ്ക്ക്  തിരിഞ്ഞു  നോക്കിയപ്പോള്‍  ആ  കുട്ടിയുടെ  സ്ഥാനത്ത്  താനും  അങ്ങനെയൊക്കെ  ആയിരിക്കുമായിരുന്നില്ലേ?   താനൊരു  അധ്യാപികയാണെങ്കിലും  ഇന്ന്  അവളുടെ  അടുത്തിരുന്ന്  പഠിക്കുന്ന   കുട്ടിയാണല്ലോ?

                 സ്വകാര്യമായ  തന്‍റെ  ദുഃഖം  ഉള്ളിലൊളിപ്പിച്ചിട്ടാണെങ്കിലും   ദൃഢനിശ്ചയത്തിലുറച്ച്  ശിഷ്യയായ  ആ  അധ്യാപിക  തന്‍റെ  പഠനം  പൂര്‍ത്തിയാക്കിക്കൊണ്ടിരുന്നു................

Monday, 29 April 2013

നിറനോവുകള്‍

                    മനസ്സിന്‍റെ  പരുക്കന്‍  നൊമ്പരങ്ങള്‍,  ആത്മാവിന്‍റെ  ശിലാഭാരം  നിറച്ച  വിങ്ങല്‍,  അതിരു  വിട്ട  ശരം  പോലെ  പായുന്ന ജിജ്ഞാസകള്‍,  സമ്മിശ്രമായ  വികാരങ്ങള്‍  മനസ്സില്‍  ഗര്‍ഭം  തികഞ്ഞ  വയറ്റിന്‍റെ  പേറ്റു നോവു  പോലെ  അനുഭവപ്പെട്ടപ്പോള്‍  ഉറങ്ങുവാനുള്ള  ഉദ്യമം  പാടേ  ഉപേക്ഷിച്ച്  ഞാന്‍  എണീറ്റ്  ലൈറ്റിട്ടു.

                    ബുദ്ധിയും  വിവേകവും  തിരിച്ചറിവുകളും  മനസ്സും  മനസ്സാക്ഷിയും  അഗ്നിലാവയായി  ഉരുകിയൊലിക്കുമ്പോള്‍ അതിന്‍റെ  ഗതിവിഗതികള്‍ എഴുതിത്തീര്‍ത്ത് പെറ്റ  വയറുപോലെ  ഒഴിഞ്ഞ  മനസ്സുമായി  ഉറങ്ങാന്‍  കൊതിച്ചു.

                      വീണ്ടും  ആശങ്കകളുടെ  മതില്‍ക്കെട്ടുകള്‍  തല  ഉയര്‍ത്തി  നില്‍ക്കുന്നു.  ഈ  മതില്‍ക്കെട്ടുകള്‍  തകര്‍ത്ത്   വായനക്കാരന്‍റെ  മനസ്സില്‍  ഇടം  തേടാന്‍  തന്‍റെ  നെഞ്ചിന്‍ കൂട്ടില്‍  അശാന്തിയുടെ  അഗ്നിസ്ഫുലിംഗങ്ങള്‍  പരത്തുന്ന  നിറനോവുകള്‍ക്ക്കഴിയുമോ?

                     വേണ്ട.  ഒരു പക്ഷേ  കഴിഞ്ഞില്ലെങ്കിലോ?

                      എഴുതാനെടുത്തവ  മേശപ്പുറത്ത്  തന്നെ തിരികെ  വച്ച്  വീണ്ടും  ഉറങ്ങാന്‍  കിടന്നു. വിമ്മിട്ടം  കൊണ്ട്  പൊട്ടുന്ന  നെഞ്ചില്‍   അമര്‍ത്തിത്തടവി  കിടന്നതല്ലാതെ  ഉറക്കം  തന്‍റെ  ഏഴയല്‍പക്കത്ത്  പോലും  വരാന്‍  കൂട്ടാക്കിയില്ല.

                        വീണ്ടും  എഴുന്നേറ്റു.  എഴുതാനുള്ളവ  എടുത്തു  വച്ചു.  ആത്മവിശ്വാസത്തിന്‍റെ  തള്ളിച്ചകള്‍  ആശങ്കകളുടെ  മതില്‍കെട്ടുകളെ  വിണ്ടു  കീറിച്ചു  കൊണ്ട്  എഴുതിത്തുടങ്ങി.

                        തന്‍റെ  മനോവ്യാപരങ്ങളുടെ  ഗര്‍ഭത്തെ  ചാപിള്ളയായി  പുറന്തള്ളാതെ  നൊന്തു  പെറ്റ് പുറത്തേയ്ക്ക്  വരിക.!  ആ  നോവിന്‍റെ  സുഖമറിയുക!  ഇതൊക്കെ  ഒരദ്ധ്യാപികയുടെ  വില കുറഞ്ഞ  ജല്പനങ്ങളായി  കരുതുമോ?  ജീവിതത്തിന്‍റെ   നെറുകയില്‍  ഉഷ്ണജലം  ചൊരിഞ്ഞ  വിങ്ങലുകളാണിവ.

                        വായനക്കാരാ  ക്ഷമിക്കുക!

എവിടെയാണ് തന്‍റെ  വിങ്ങലുകള്‍  ഉഷ്ണജലം  പകര്‍ന്നത്?

                        തന്‍റെ  രണ്ടാം ക്ളാസ്സുകാരനായ കുട്ടിയുടെ  സ്കൂളിലേയ്ക്കുള്ള  വരവ്  അറിവും  നിറവും  പഠിച്ചിടാനല്ല,  ഉച്ചയ്ക്ക്  വിളമ്പുന്ന  ചോറിന്‍  മണവും  രുചിയും  തന്‍റെ  കത്തുന്ന  വിശപ്പിന്  അമൃത്  തളിക്കുമെന്നറിഞ്ഞപ്പോഴോ?
   
                            അതോ?
തന്‍റെ  അനുജത്തിക്കായി  തിന്നതിന്‍  ബാക്കി  കരുതി  വയ്ക്കണമെന്ന്  ഓര്‍മ്മിപ്പിക്കുമ്പോഴോ?

                            അതോ?

  ക്ളാസ്സില്‍   നല്ല ശീലങ്ങള്‍  പഠിപ്പിക്കുമ്പോള്‍ ക്യൂ  പാലിക്കുന്നത്  എവിടെയൊക്കെ  കണ്ടിട്ടുണ്ട്  എന്ന  ചോദ്യത്തിന് കള്ളുഷാപ്പിന്‍റെ മുന്നില്‍  എന്ന  മറുപടി  കേട്ടപ്പോഴോ?

                           അതുമല്ലെങ്കില്‍പ്പിന്നെ?

ഗ്രാമത്തില്‍  നിന്നും  അവധിക്കലത്ത്  പട്ടണത്തിലേയ്ക്കൊരു  യാത്രവേണ്ടി  വന്നപ്പോള്‍  മദ്യവില്പനശാലയിലെ  ക്യൂവിന്‍റെ  മുന്നില്‍  നില്‍ക്കുന്ന സ്ത്രീയെക്കണ്ടപ്പോഴോ?  ആണിയും  മുള്ളും  തറച്ച  ആ  വിങ്ങലിന്  ആ  സ്ത്രീ  സെന്‍സസ് എടുക്കാന്‍  വന്ന  അദ്ധ്യാപികയായിരുന്നുവെന്ന  സത്യം കൊണ്ട്  പൂമാല  ചാര്‍ത്തിയപ്പോഴോ?

                         അതുമല്ലെങ്കില്‍ പിന്നെ  എപ്പോഴാണ്?

തന്‍റെ പ്രിയപ്പെട്ട  അദ്ധ്യാപിക  ഒന്ന് ശാസിച്ചതിന്  പാണ്ടി ലോറി  കയറി  മരിയ്ക്കണേന്ന്  പ്രാര്‍ത്ഥിച്ച കുറുമ്പന്‍റെ  ചാപല്യമോര്‍ത്തിട്ടോ?
                        എന്തായാലും  പ്രിയവായനക്കാരാ!ഈ  അദ്ധ്യാപികയുടെ തോരാക്കണ്ണീരായി പെയ്തിറങ്ങുന്ന  കൊച്ചു കൊച്ചു  വിങ്ങലുകള്‍,  നിറനോവുകള്‍  മേയുന്ന  നെഞ്ചിന്‍കൂട്ടിലെ  നൊമ്പരങ്ങള്‍  താങ്കളുടെ  മനസ്സിലും നരച്ച  ചിന്തകളായോ നരച്ച  വര്‍ണങ്ങളായോ  എങ്കിലും  അവശേഷിച്ചാല്‍ ഞാനെത്ര ധന്യ!  ഞാനെത്ര  കൃതാര്‍ത്ഥ!!....................

Sunday, 28 April 2013

സുഹൃത്ത്

വിസ്തൃതി  തന്‍ മരുപ്പച്ചയില്‍
വേടൂന്നി  നില്‍ക്കുമൊരരയാല്‍
സൂര്യതപം  തടുക്കും  വെളിച്ചം  അന്യമാകും
വിശാലമാം  തന്‍  കടുപ്പമേകും പത്രം

                  മഹാതരുവിന്‍  തണുത്ത തണല്‍
                  വിശ്രമസങ്കേതം,  ഗ്രാമവാസികള്‍  തന്‍ സ്വന്തം.
                   അതിരില്ലാ  പ്രായത്തിലറിവും
                   വിവേകവും  നിറഞ്ഞൊരാ  മുത്തച്ഛന്‍!

ഒരു  നാള്‍  കാലിമേയ്ക്കും  ഇടയബാലന്‍
ഇരുന്നു  വിശ്രമിയ്ക്കാനൊരിടം  തേടി
അര്‍ക്കരശ്മികള്‍  തട്ടി പളുങ്കു പോള്‍ പ്രകാശിയ്ക്കും
അരയാലിന്‍  തന്‍  താഴത്ത്  തണലത്ത്.

                     സൂര്യതാപത്താല്‍  വാടിത്തളര്‍ന്നൊരിളം മേനി
                      താര്‍ത്തെന്നല്‍ മൃദുവായി  തഴുകിത്തലോടി
                      പെട്ടന്നവന്‍  കണ്ടു , മഹാതരുവിന്‍  പൂക്കളും  ഫലങ്ങളും
                      ചെറുതായ്, തോന്നി  ബാലന് തരുവിനോടായ് പുച്ഛം!
                      ചെറുകായ്കള്‍ ഉതിര്‍ക്കും  ഈ കിഴവനോ  വിവേകശാലി!!

ബാലന്‍  തന്‍  ജല്പനം കേട്ടു  നിവര്‍ന്നു
മുത്തച്ഛനോ  നിശബ്ദനായി
ഇളംതെന്നല്‍  താരാട്ടു  പാടി ബാലനെ
നിദ്രയുമനുഗ്രഹിച്ചു

                       പെട്ടെന്നതാ!  വീഴ്ന്നൊരു  ചെറുപഴം
                       ബാലന്‍ തന്‍  നെറുക  തന്‍  നടുവിലായ്
                        നടുങ്ങിപ്പോയി  ബാലനോ                                                                                                                      
                       നിദ്രയും  വിട്ടകന്നു പോയി.

കേ ട്ടു ചെറുചിരി ,തിരിഞ്ഞു നോക്കീടുമ്പോള്‍
കണ്ടു,  മുത്തച്ഛനാല്‍മരം  മന്ദസ്മേരനായ്,
മൊഴിഞ്ഞു,  മൃദുസ്വരത്താല്‍; വേദനിച്ചോ?
എന്‍ ചെറുപഴം നിന്‍  നെറുകയില്‍  പതിയ്ക്കയാല്‍

                       കനം  തൂങ്ങും  ഗര്‍വാല്‍  നീ പുച്ഛിച്ചതല്ലയോ?
                        ക്രുദ്ധനാ യ് ബാലന്‍  ചൊല്ലി,  വേദനിച്ചീലെന്നാകിലും
                        ഉറക്കത്തിലാണ്ടവരെ  വിളിച്ചുണര്‍ത്തും  നിന്‍
                        അവിവേകം പൊറുക്കില്ലൊരിക്കലും ഞാന്‍,
                         നീയോ  വിവേകശാലി!

ചിരിച്ചു  വീണ്ടും  മഹാമേരു തന്‍
അഴകാം  പത്രങ്ങള്‍  വിടര്‍ത്തി വിശാലമായി
മൊഴിഞ്ഞു,  അഹങ്കാരത്തിലില്ലൊരു  വിവേകവും
പ്രകൃതി തന്‍ഉത്തമ പ്രക്രിയകളല്ലോ  നിത്യം!

                        ഏകുന്നു  നിനക്കായ്,  എന്‍  കടുപ്പമാം  പത്രങ്ങള്‍
                        തണുപ്പായി,  തണലായി, വിശ്രമസങ്കേതമായ്
                        പഴങ്ങളോ  ചെറുതാകിലും  പശിയാറ്റും
                         പരശതം  കിളികള്‍ക്കും  പുഴുക്കള്‍ക്കും.

എന്‍  ഫലം  വലുതാകില്‍ നിന്‍  നെറുകയില്‍  പതിയ്ക്കയാല്‍
നിന്‍  ഗതിയെന്ത്?  ഓര്‍ക്കുക  എന്‍  ബാലാ!
നിന്നു  നിശബ്ദനായ്  ആട്ടിടയനോ,
ഓര്‍ത്തതില്ലവന്‍ അതിനെക്കുറിച്ചൊട്ടുമേ,

                         ശ്രീത്വത്തിന്‍ മഹാമേരു  തുടര്‍ന്നു വിനയാന്വിതനായ്
                         ശ്രമിക്കൂ സുഹൃത്തായി ,കാണു നീ പരസ്പരം
                        ആശ്രയത്തോടെന്നും ഈ  ലോകം  നിലനില്‍ക്കാന്‍
                         കഴിയില്ലാര്‍ക്കുമേ ലോകത്തില്‍  ജീവിപ്പാന്‍
                         പരാശ്രയമില്ലാതൊരു ജീവിയ്ക്കും ഒരു  നാളും!

ഇന്നിന്‍റെ പൂക്കളെ  ഫലമാക്കും  തേനീച്ചയും
ഇലകളില്‍  കൂടുകൂട്ടും  കുഞ്ഞുപുഴുക്കളും
കുഞ്ഞുങ്ങള്‍ക്കന്നം  തേടി ദിനവും ദൈന്യതയാല്‍
ചേക്കേറും  രാക്കിളികളും  എന്നുമെന്‍  സുഹൃത്തല്ലോ!

                        നിന്‍ കിനികള്‍ക്കന്നമാം പുല്ലും  ഇലകളും
                       സമൃദ്ധിയില്‍  വളരുവാന്‍  കീടമേല്‍ക്കാതെ  കാക്കും
                       പക്ഷിപ്പറവകളും  എന്നുമെന്‍  സുഹൃത്തല്ലോ!
                        വിത്തിനെ  മുളപ്പിയ്ക്കാന്‍  മണ്ണിനെ  പാകപ്പെടുത്തും
                        നിശബ്ദമായ്  അദ്ധ്വാനിക്കും  മണ്ണിരയുമെന്‍  സുഹൃത്തല്ലോ!

സ്നേഹത്താല്‍  ഉതിരും മുത്തച്ഛന്‍  തന്‍  വാക്കതു  കേട്ട്
കഠിനമാം  വ്യഥ  പൂണ്ട്  ബാലനോ  മൊഴിയുന്നു
ക്ഷമ ചോദിക്കുന്നു  മഹാത്മാവേ! വന്‍പു കാട്ടും മര്‍ത്യനേക്കാള്‍
നന്ദി കാട്ടും നിന്‍  കാരുണ്യത്തിന്‍ മുന്നിലായ് കരങ്ങള്‍ കൂപ്പീടുന്നു
ഓര്‍ക്കുന്നു ,  മുഗ്ദമാം നിന്‍  വിനയത്തിന്‍  വാക്കുകള്‍
കഴിയില്ലാര്‍ക്കുമേ  ലോകത്തില്‍  ജീവിപ്പാന്‍
പരാശ്രയത്വമില്ലാതൊരു  ജീവിയ്ക്കുമൊരുനാളും!!..............

Wednesday, 24 April 2013

വക്കുടഞ്ഞ മോഹങ്ങള്‍

                 മൈതാനത്തിലെ  പുല്‍ത്തകിടിയുടെ  തുമ്പുകളില്‍  കോടി  സൂര്യന്‍മാര്‍ വെട്ടിത്തിളങ്ങി.  മഞ്ഞുനനവുള്ള  പുല്ലില്‍  അരുണ്‍ കൂട്ടുകാരെ  കാത്തിരുന്നു.
   
                  "ക്രിക്കറ്റ്  കളിയ്ക്കാന്‍  ഇന്നെല്ലാവരും  നേരത്തേ  എത്താമെന്ന്  പറഞ്ഞതാണ്"

                     അരുണ്‍  എഴുന്നേറ്റ്  ക്രിക്കറ്റ്  സ്റ്റമ്പുകള്‍  നല്ലവണ്ണം  ഉറപ്പിച്ചു.  അവര്‍  വന്നാലുടന്‍  കളി  തുടങ്ങാമല്ലോ?

                      അപ്പോഴേയ്ക്കും  എല്ലാവരും  എത്തിക്കഴിഞ്ഞിരുന്നു. ടോസ്സ് ചെയ്ത്  ബാറ്റിംഗും  ബൗളിംഗും  തീര്‍ച്ചപ്പെടുത്തി.അരുണ്‍  ആദ്യം  ബാറ്റിംഗ്  ചെയ്യുന്ന  ഗ്രൂപ്പിലായിരുന്നു.  അഭിലാഷും  നിധിനും  വിവേകുമെല്ലാം  ആദ്യത്തെ  ഗ്രൂപ്പിലായിരുന്നതിനാല്‍  ബാറ്റിംഗിന്‍റെ  ആവേശത്തിലായിരുന്നു.

                      ബാറ്റ് ചെയ്ത്  ഓടുന്നതിനിടെ  അരുണിന്‍റെ  തല  അഭിലാഷിന്‍റെ  തലയുമായി ചെറുതായൊന്നു  മുട്ടി.  അരുണ്‍ താഴെ  വീണു.  അരുണിന്  കണ്ണില്‍  ഇരുട്ടു  കയറിയപോലെ.  കണ്ണുകളില്‍ ത്രികോണങ്ങള്‍ വൃത്തങ്ങളായും  വൃത്തങ്ങള്‍  ചതുരങ്ങളായും  തോന്നി.അടയുന്ന  കണ്ണുകള്‍ക്കിടയില്‍  കൃഷ്ണമണികള്‍  ശ്വാസം  മുട്ടി  ഞെരിഞ്ഞമര്‍ന്നു.

                      എല്ലാവരും  സ്തംഭിച്ചു പോയി.  ഓരോരുത്തരും  അരുണിനെ  കുലുക്കി  വിളിച്ചു.  വെള്ളം  കൊണ്ടു  വന്നു  മുഖത്തു  തളിച്ചപ്പോള്‍ ഒന്നുമറിയാതെ  അവന്‍ കണ്ണു  തുറന്നു  മിഴിച്ചു  നോക്കി.

                        "എന്താ  ......എന്താ  സംഭവിച്ചത്?  താനെവിടെയാണ്?........"

                      അവന്‍  നടുക്കത്തോടെ  ചുറ്റും  നോക്കി.  നടന്നതെല്ലാം  അവര്‍  അരുണിനോട്  പറഞ്ഞു.

                        എല്ലാവരുടെയും  മുഖത്തെ   പരിഭ്രമം  കണ്ടപ്പോള്‍  അവരെ  ആശ്വസിപ്പിക്കാന്‍  ശ്രമിച്ചു  കൊണ്ട്  അരുണ്‍  പറഞ്ഞു.

                       " വരൂ....  നമുക്കു  കളി  തുടരാം."

                       "വേണ്ട,  അരുണ്‍  ഇന്നത്തേയ്ക്ക്  നമുക്ക്   കളി മതിയാക്കാം. നമുക്ക  വീട്ടില്‍  പോകാം.."

                     "വേണ്ട,  നമുക്കു  കുറച്ചു  കൂടി  കളിയ്ക്കാം.. ​എനിയ്ക്കൊരു   കുഴപ്പവുമില്ല."

                      "എന്തായാലും  ഇന്നിനി  കളിയ്ക്കാന്‍ ഒരു  മൂഡും  തോന്നണില്ല.  നമുക്ക്  മതിയാക്കാം."

                        എല്ലാവര്‍ക്കും  ഒരേ  അഭിപ്രായമായപ്പോള്‍  അരുണും  വീട്ടിലേയ്ക്ക്  മടങ്ങാന്‍  തീരുമാനിച്ചു. കൂട്ടുകാര്‍  അവനെ  വീട്ടില്‍  കൊണ്ടാക്കയിട്ടാണ് പിരിഞ്ഞത്. അരുണിന്‍റെ  അമ്മയോട്  അവന്‍  വീണ  വിവരം  പറയാനും  അവര്‍  മറന്നിരുന്നില്ല.

                      അരുണിന്  വേറൊരു  കുഴപ്പവുമില്ല  എന്നവര്‍  ആശ്വസിച്ചെങ്കിലും  പിന്നീട്  അടിക്കടി ഉണ്ടായ  വീഴ്ചകള്‍ അതൊരു അസുഖത്തിന്‍റെ  തുടക്കമായിരുന്നുവെന്നറിയാന്‍  അവര്‍ക്കധികം  നാള്‍  വേണ്ടിവന്നില്ല.

                     സൂര്യന്‍  മറഞ്ഞാല്‍  ആ  ചുടുഗോളം  പോകുന്ന  പോക്കില്‍   തങ്ങളുടെ  ആത്മാര്‍ത്ഥ  സുഹൃത്തിനെ  തട്ടിക്കൊണ്ടു  പോയാലോ  എന്നു  വരെ അവര്‍  ഭയന്നു.

                     ചികിത്സകള്‍  മുറയ്ക്ക് നടന്നു.  ബ്രെയിന്‍ ട്യൂമറായ  രോഗിയുടെ  ആയുസ്സ്  നീട്ടിക്കൊടുക്കുവാന്‍  ദൈവത്തിനല്ലേ കഴിയൂ..  അത്  കഴിഞ്ഞാല്‍  വൈദ്യശാസ്ത്രത്തിന്‍റെ  കരങ്ങള്‍ക്കും.  ഇവ  രണ്ടും  കൈവിട്ടാല്‍............ !

                       രോഗിയുടെ  മനസ്സിലെ  ആഹ്ളാദവും  ചൈതന്യവും  നഷ്ടപ്പെട്ട്  ഏതു  നിമിഷവും  കടന്നു  വരുന്ന  അതിഥിയെ  കാത്തുകാത്തുള്ള  ഇരുപ്പ്.  മറ്റുള്ളവരുടെ  സാന്ത്വനവാക്കുകള്‍  വിശ്വസിക്കാനുള്ള  വൃഥാ  ശ്രമം.  തന്‍റെ  ഏത്  ആഗ്രഹങ്ങളും  സഫലീകരിച്ചു  തരാന്‍  ശ്രമിക്കുന്ന  മാതാപിതാക്കള്‍.

                      പക്ഷേ,  അരുണ്‍  മറ്റൊരാളായി  മാറിയിരിക്കുകയാണ്. പ്രിയപ്പെട്ട  സുഹൃത്തുക്കളുടെ ,  സ്നേഹമയികളായ  മാതാപിതാക്കളുടെ   സപതാപത്തിന്‍റെ,  സ്നേഹത്തിന്‍റെ  നീര്‍ച്ചാലുകളൊഴുകുമ്പോള്‍  അതില്‍  സംതൃപ്തനാണെന്ന്  വൃഥാ  നടിച്ചു.

                      എന്താവശ്യപ്പെട്ടാലും  അവരത്  സാധിച്ചു  തരും.  പക്ഷേ,  അതൊക്കെ  അവന്‍റെ  അവസാനത്തെ  ആഗ്രഹങ്ങളാണെന്നറിഞ്ഞു  കൊണ്ടാണല്ലോ  അവരത്  സാധിച്ചു  തരിക!

                        അരുണ്‍  ആരോടും  ഒരാഗ്രഹവും  പറഞ്ഞില്ല. ഒരു  സാധനവും  വേണമെന്നും  ആവശ്യപ്പെട്ടില്ല.  അതൊക്കെ  ഉപയോഗിക്കുവാന്‍ താന്‍  എത്ര  നാള്‍  ഉണ്ടാവുമെന്നറിയില്ലല്ലോ? താന്‍  ഉപയോഗിച്ച്  ഉപേക്ഷിച്ച്  പോകുമ്പോള്‍   പിന്നെ  അതോര്‍ത്ത്  അവര്‍  വേദനിയ്ക്കില്ലേ?

                           തന്നെക്കാണുമ്പോള്‍   അറിയാതെ ഉരുണ്ടു  വീഴുന്ന  കണ്ണീര്‍  ഗോളങ്ങള്‍ താന്‍  കാണാതെ  തുടയ്ക്കാന്‍  ശ്രമിക്കുന്ന  സുഹൃത്തുക്കളെ  കാണുമ്പോഴും അപ്രാപ്യമായ  ഒരു  സ്ഥലത്തേയ്ക്ക്  മകനെ   പറഞ്ഞയക്കുമ്പോഴുണ്ടാകുന്ന  ദുഃഖം  ഉള്ളിലൊതുക്കി   സ്നേഹ വാത്സല്യങ്ങള്‍  കൊണ്ട്  വീര്‍പ്പു മുട്ടിയ്ക്കാന്‍  ശ്രമിക്കുന്ന  മാതാപിതാക്കളെ  കാണുമ്പോഴും  ഒന്നുമറിയാത്തവനെപ്പോലെ  നിശബ്ദനായി  േഅരുണ്‍  മുഖം  മറച്ചിരുന്നു...........................

Saturday, 23 February 2013

പ്രണയം

     

                         കടലിന്‍റെ  ഉമിനീര്  വറ്റും  വരെ
                         നീലാകാശത്തിലെ  നക്ഷത്രജാലങ്ങള്‍
                         അടര്‍ന്നു  വീഴും  വരെ
                          പൂര്‍ണനിലാചന്ദ്രന്‍റെ  കറുത്തപാട്
                          മാഞ്ഞുപോകും  വരെ
                          തേനിന്  മാധുര്യം  കുറഞ്ഞ്
                           കയ്പ്പാകും  വരെ
                            വിയര്‍പ്പിന്‍റെ  ഉപ്പില്‍ കാമാവേശം
                            അലിഞ്ഞുതീരും  വരെ

കടലിന്‍  തീരത്തെ  മണല്‍ത്തരികള്‍
ചവിട്ടിമെതിച്ചാലും മെതിച്ചു കുടഞ്ഞാലും
ഉണര്‍വ്വോടെ വീണ്ടും  ഉരുമ്മിയുണര്‍ന്ന്
അകന്ന്  മാറും  വരെ-
നിന്‍റെ  പ്ര​ണയം  എനിയ്ക്ക്  സ്വന്തം
എന്‍റേത് നിനക്കും..............

Thursday, 21 February 2013

സ്മൃതി രേഖകള്‍

       
                    ജീവിതത്തിന്‍റെയും കവിതയുടെയും  യാത്രയിലൂടെ  ഏകനായി  ജീവിച്ച  കവിയായിരുന്നു  ഡി. വിനയചന്ദ്രന്‍.. . ചെറുതായ  ദര്‍പ്പണത്തില്‍  കവിതയുടെ  വലുതായ  പ്രതിബിംബത്തെ  കാട്ടിത്തന്ന  ആ  കവിയുടെ  ഓര്‍മ്മകള്‍  മനസ്സില്‍  നിന്നകറ്റാവുന്നതല്ല.  താളാത്മകമായി  ഉറക്കെ  കവിതകള്‍  പാടി അതിലെ ഓരോ വരികളും  കേള്‍വിക്കാരന്  അനുനിമിഷം  തന്നെ  ഹൃദിസ്ഥമാക്കാന്‍ സാധിപ്പിക്കുക  എന്നത്  അദ്ദേഹത്തിന്‍റെ  കവിത  ചൊല്ലലിന്‍റെ  ഒരു മാസ്മരികാനുഭവം തന്നെയായിരുന്നു.

                       മൂന്ന്  വര്‍ഷം മുമ്പ്   ആറ്റിങ്ങലില്‍  വച്ച്  സര്‍ഗസാഹിതിയുടെ   സാഹിത്യപുരസ്ക്കാരം   സ്വീകരിയ്ക്കാനെത്തിയ  ചടങ്ങില്‍  വച്ചായിരുന്നു
 ഡി. വിനയചന്ദ്രന്‍  െഎന്ന  പേരുകേട്ട  കവിയെ  പരിചയപ്പെടാന്‍  അവസരം  ലഭിച്ചത്.  പുരസ്ക്കാരം  സമ്മാനിക്കുന്നത്  അദ്ദേഹമാണെന്നറിഞ്ഞപ്പോള്‍
അത്  സ്വീകരിക്കുന്നതിനേക്കാളേ റെ  അദ്ദേഹത്തെ  ഒന്ന്  പരിചയപ്പെടാന്‍
കഴിയുമല്ലോ  എന്നോര്‍ത്തായിരുന്നു സന്തോഷം. വിശാലമായ  ഒരു സദസ്സില്‍  വച്ചായിരുന്നില്ല  ആ  ചടങ്ങ്  എന്നിരുന്നാല്‍ക്കൂടിയും   ആ  ചെറിയ  സദസ്സിനെ അദ്ദേഹത്തിന്‍റെ സാമീപ്യം  കൊണ്ടും  കവിതാലാപനം  കൊണ്ടും  ഒരു  മഹത് സദസ്സാക്കിത്തീര്‍ക്കാന്‍  േഅദ്ദേഹത്തിന്  കഴിഞ്ഞിരുന്നു.

                    പരിചയപ്പെട്ടപ്പോള്‍  തന്നെ എന്‍റെ  ബാലസാഹിത്യകൃതിയായ  "വാനരപ്പട"  ഞാന്‍  അദ്ദേഹത്തിന്  നല്കിയിരുന്നു.   എഴുത്തിന്‍റെ പണിപ്പുരയിലായിരുന്ന  പുസ്തകത്തിന്  ആശംസകള്‍  നേര്‍ന്നു  കൊണ്ട്  ഓട്ടോഗ്രാഫില്‍  എഴുതിത്തരാനും  അദ്ദേഹം  മറന്നില്ല.

                     പിന്നീടുള്ള   എന്‍റെ  സാഹിത്യരചനകളില്‍  അദ്ദേഹത്തിന്‍റെ  ഉപദേശങ്ങളും  നിര്‍ദ്ദേശങ്ങളും  നിര്‍ലോഭം  ലഭിച്ചിരുന്നു.  പല കവിയരങ്ങുകളിലും  കഥാവേളകളിലും  വിനയചന്ദ്രന്‍  സാറിനോടൊപ്പം  കഥകളും  കവിതകളും അവതരിപ്പിയ്ക്കാന്‍  എനിയ്ക്ക  കഴിഞ്ഞിട്ടുണ്ട്.അപ്പോഴെല്ലാം  മനസ്സ് കൊണ്ട്  ഗുരുവായി  സങ്കല്പ്പിച്ചിരുന്ന  അദ്ദേഹം  അദൃശ്യകരങ്ങള്‍  കൊ​ണ്ട്എന്നെ   അനുഗ്രഹിച്ചിരുന്നതായി  എനിയ്ക്ക്  തോന്നിയിട്ടുണ്ട്.

                         എം. ചന്ദ്രപ്രകാശ്  എഡിറ്റ്  ചെയ്ത  കഥയുടെ ഓര്‍മ്മപ്പുസ്തകമായ ''മഴവില്ലി"ല്‍ അദ്ദേഹത്തിന്‍റെ " വെള്ളം  വേണ്ടാത്ത  കിണര്‍""''  എന്ന  കഥയോടൊപ്പം  എന്‍റെയും  ഒരു  ചെറുകഥ  പ്രസിദ്ധീകരിച്ച്  കണ്ടപ്പോഴും  സന്തോഷം അടക്കാനായില്ല.

                      ഇക്കഴിഞ്ഞ ജനുവരി  23  ന്  വിദ്യാരംഗം കലാസാഹിത്യ  വേദിയുടെ  റവന്യൂ  ജില്ല  കലാമത്സരങ്ങളുടെയും  ശില്പശാലയുടെയും  സമാപനച്ചടങ്ങില്‍  പങ്കെടുക്കാന്‍  വന്നപ്പോഴായിരുന്നു  വിനയചന്ദ്രന്‍  സാറിനെ  അവസാനമായി  കണ്ടത്.  ചിന്തകളുടെ  ജീവനും  ആധുനികതയുടെ  കാതലുമായ കവിതകള്‍  അവതരിപ്പിച്ച്  പുതുതലമുറയുടെ  വ്യക്തിബോധനത്തിന്‍റെ  ആകുലതകള്‍  വാക്കുകളില്‍  പ്രകടിപ്പിച്ച്  അദ്ദേഹം  സംസാരിച്ചിരുന്നു.കുശലാന്വേഷണങ്ങള്‍ക്കിടയിലും   സാഹിത്യരചനകളില്‍  സജീവമാകണം  എന്ന  ഉപദേശം  തരാനും  അദ്ദേഹം  മറന്നിരുന്നില്ല.

                      ഇടയ്ക്കൊരു  ദിവസം  ഞാനും  എന്‍റെ സുഹൃത്തായ  കവി അനിതാഹരിയുമൊപ്പം  അദ്ദേഹത്തിന്‍റെ"  സരസ്വതീ കൃഷ്ണ" എന്ന  വീട്ടില്‍
അദ്ദേഹത്തെ  കാണാന്‍  പോയിരുന്നു.  മുറിയില്‍  അടുക്കിയും  അടുക്കാതെയും  ചിതറിക്കിടക്കുന്ന    പുസ്തകശേഖരങ്ങള്‍ക്കിടയില്‍  ഞങ്ങള്‍ക്കൊരിപ്പിടം  തരാന്‍  അദ്ദേഹം  നന്നേ  ക്ളേശിച്ചു.

             "നിങ്ങള്‍ക്ക്  തരാന്‍  ഇവിടെ  ഒന്നുമില്ല"    എന്ന്   സാര്‍  പറഞ്ഞപ്പോള്‍ഞങ്ങള്‍ക്കോരോ  പുസ്തകം  തന്നാല്‍  മതി  എന്നാണ്  ഞങ്ങള്‍
പറഞ്ഞത്.  അങ്ങനെ  പറഞ്ഞത്  അദ്ദേഹത്തിന്  ബുദ്ധിമുട്ടായോ  എന്ന്  ഞങ്ങള്‍  ശങ്കിച്ചു.  കാരണം  വളരെനേരത്തെ  തെരച്ചിലിന്  ശേഷമാണ്  അദ്ദേഹം  ഓരോ  പുസ്തകം  ഞങ്ങള്‍ക്ക്  സമ്മാനിച്ചത്.   പുസ്തകം  തരാനുള്ള  വൈമനസ്യം കൊണ്ടാണോ  അത്രയും  താമസം  നേരിട്ടതെന്ന്   ഞങ്ങള്‍  സംശയിക്കാതിരുന്നില്ല.  പുസ്തകങ്ങളെ  സ്നേഹിക്കുന്ന  ഒരാള്‍ക്ക്   അത്  നഷ്ടമായാല്‍  വിഷമമാകും  എന്നോര്‍ക്കാന്‍  കഴിയാത്ത  മനസ്സിനെ  പിന്നീട് കുറ്റപ്പെടുത്തേണ്ടി  വന്നു.  എന്തായാലും  എനിയ്ക്ക് സമ്മാനമായിക്കിട്ടിയത്
"കലിപുരുഷന്‍ ''  എന്ന  കവിതാസമാഹാരമായിരുന്നു. സാറിന്  അദ്ദേഹത്തിന്‍റെ സുഹൃത്ത്  സമ്മാനമായി  നല്‍കിയതായിരുന്നു. അതാവാം പുസ്തകം  തരാന്‍  വൈമനസ്യം  നേരിട്ടതായി  തോന്നിയത്.

                     മാത്രവുമല്ല  അതില്‍  "പ്രിയസുഹൃത്ത്  വിനയചന്ദ്രന്,
                                                                   സസ്നേഹം  ഉണ്ണിക്കൃഷ്ണന്‍ "    എന്നെഴുതി  ഒപ്പു  വച്ചിരുന്നു.  ആ  പുസ്തകം  ഇന്നും ഞാന്‍  നിധി  പോലെ  സൂക്ഷിക്കുന്നു.


                      മലയാളത്തനിമയെയും  നാട്ടുഭാഷകളെയുമൊക്കെ   കവിതകളാക്കി  വിനയകാവ്യം രചിച്ച ആ  ഗുരുസ്ഥാനീയന്‍റെ  വിയോഗം  ഇത്ര  പെട്ടെന്നുണ്ടാവുമെന്ന്  നിനച്ചതേയില്ല.  വിട പറയുന്നതിന്  ഒരാഴ്ച മുമ്പ്  ഒരു  സ്കൂളിന്‍റെ  വാര്‍ഷികാഘോഷച്ചടങ്ങ്  ഉദ്ഘാടനം  ചെയ്യുന്നതിനെക്കുറിച്ച്  ഫോണില്‍  സംസാരിച്ചിരുന്നു.

                    "ഞാന്‍  സിറ്റി വിട്ട് ഒരു പരിപാടിയിലും പങ്കെടുക്കുന്നില്ല " എന്ന്  പറഞ്ഞപ്പോള്‍ത്തന്നെ അദ്ദേഹത്തിന്  ഒരു  സുഖമില്ലായ്മയുടെ  ലാഞ്ഛന  അനുഭവപ്പെട്ടിരുന്നു.   ഇതിനടയിലും സാഹിത്യ രചനകളില്‍  സജീവമാകണമെന്നുള്ള ഉപദേശം  തരാന്‍  അദ്ദേഹം  മടിച്ചില്ല.

                ഞാനായിട്ട്  ബാക്കിവച്ച  ഒരാഗ്രഹത്തെക്കുറിച്ചോര്‍ത്ത്  ഞാന്‍  ഇപ്പോഴും  ദുഃഖിയ്ക്കുന്നു.  സാറിന്‍റെ  കവിതയിലും  പ്രകൃതിയുമായുള്ള  ചങ്ങാത്തത്തിലം  പുഴയും  ഗ്രാമവുമൊക്കെ  ഇടം  തേടുമ്പോള്‍,  എന്‍റെ  വീടും
അങ്ങനെയുള്ള  ഒരു  പ്രദേശത്താണെന്നറിഞ്ഞപ്പോള്‍  എന്‍റെ  വീട്ടിലേയ്ക്കുള്ള വഴിയും  ചോദിച്ചറിഞ്ഞിരുന്നു. വീടിന്‍റെ  പണി പൂര്‍ത്തിയായിട്ടില്ലായിരുന്നതിനാല്‍  അത്  കഴിഞ്ഞിട്ട് വീട്ടിലേയ്ക്ക്  ക്ഷണിയ്ക്കാമെന്ന്  ഞാന്‍  വാക്ക്  കൊടുത്തിരുന്നു. ആ വാക്ക്  പാലിയ്ക്കാന്‍  കഴിയാത്തതിനാല്‍  ഞാനായിട്ട് ആ  ആഗ്രഹം   ബാക്കി  വച്ച്  യാത്രയാകേണ്ടി  വന്നു.  ആ  ദുഃഖം  എന്നില്‍  നിന്നൊരിയ്ക്കലും  വിട്ടൊഴിയുകയുമില്ല.

                     മനസ്സില്‍  ഉറഞ്ഞു  കൂടിയ  ദുഃഖത്തിന്‍റെ  കരിമഷി  പടര്‍ന്ന  അക്ഷരങ്ങള്‍  കൊണ്ടെങ്കിലും  ഗുരുപൂജ  ചെയ്തില്ലെങ്കില്‍   ഈ  എളിയ  ശിഷ്യയോട്  അദ്ദേഹത്തിന്‍റെ  ആത്മാവ്  പൊറുക്കുമോ?

                      ''കൊണ്ടു  പോകില്ലൊരിയ്ക്കലും
                       ഒന്നും  തന്‍  ശവമഞ്ചലിനൊപ്പം
                       കൊണ്ടു പോകുന്നു  ആത്മമിത്രമേ,
                        നിന്‍  സ്നേഹ  മലര്‍വനിയിലെ
                        ഒരു കുടന്ന  പൂവും  ഒരു തുള്ളിക്കണ്ണീരും
                        എന്‍  ശവക്കച്ചയില്‍  വച്ചമര്‍ത്തിപ്പുണരാന്‍"""''................................
                     

Wednesday, 30 January 2013

അത് നിന്‍റെ മകളാകാതിരിയ്ക്കട്ടെ!


             വേനലിന്‍റെ  ഉണക്കിന്  ശേഷമുണ്ടാകുന്ന  പുതുവര്‍ഷത്തില്‍  കിളിര്‍ത്ത
ഭൂമിയില്‍ നിന്നും  ആവി  പുറപ്പെടുമ്പോലെ  നെടുവീര്‍പ്പുകളില്‍  സ്ത്രീ  അവളുടെ  മനസ്സിനെ  കൊളുത്തിയിട്ടു. കാലം  മാറിയിട്ടും  തിരിച്ചറിവുകള്‍  നല്‍കുന്ന  പ്രജ്ഞയില്‍  സ്ത്രീ  ശാക്തീകരണത്തിന്‍റെ  സാധ്യതകള്‍   തുറന്നു  വച്ചിട്ടും  സ്ത്രീ  സ്വഭാവം  വിദ്യുല്‍പ്രഭ പോലെ  ചഞ്ചലമായി.  അഗ്നിപരീക്ഷണങ്ങളിലൂടെ  അവള്‍  ഓരോ  വിചാരണകളെയും  കാലത്തിന്‍റെ കൂര്‍ത്ത  മുള്ളില്‍  അമര്‍ത്തി വച്ചു. ഇനി  അഗ്നി പരീക്ഷണങ്ങള്‍  പുരുഷന്‍മാര്‍ക്കായി  വിധിക്കേണ്ടത്  സ്ത്രീയുടെ  ഊഴമാണെന്നു  വരികിലും  അവള്‍ക്കതിന്  സാധിക്കാതെ  വന്നാല്‍  വരും  തലമുറയ്ക്കുള്ള  ഒരു  വിധി  നിര്‍ണയം  കൂടി ഉരുക്കഴിയ്ക്കുകയല്ലേ  ചെയ്യുന്നത്.

                  പക്ഷേ,  ഈ  നിഷ്ക്കളങ്കയായ  സ്ത്രീയുടെ  കഥയൊന്നു  നോക്കൂ..
ഇവിടെ  കുരിശു  ചുമക്കേണ്ടി  വന്നത്  അവള്‍  തന്നെയായിരുന്നില്ലേ? ചതിയും വഞ്ചനയും  തിരിച്ചറിയാന്‍  പര്യാപ്തമായ  അറിവും  വിവേകവും  വിദ്യാഭ്യാസനുമുണ്ടായിട്ടെന്തേ  ജീവിത  പാതയില്‍  അവള്‍  കാലിടറി  വീണു?

                   ഗായത്രി  എന്നാണവളുടെ  പേര്.  എല്ലാ  കാര്യങ്ങളിലും  പൂര്‍ണത  വേണമെന്ന്  ശഠിയ്ക്കുന്ന  ഉദ്യോഗമുള്ള  സ്ത്രീ. സ്വന്തം  കുടുംബത്തിനും  ഭര്‍ത്താവിന്‍റെ  കുടുംബത്തിനും  പ്രിയപ്പട്ടവള്‍..  ഒരിയ്ക്കല്‍  അവള്‍  നാട്ടുകാരനായ പുരുഷന്‍  ഒരുക്കിയ  ചതിയില്‍  വലിച്ചെറിയപ്പെട്ടു.

                   നിരപരാധിയായ  അവളെ സമൂഹം  ചീത്തയെന്ന്  മുദ്ര  കുത്തി.  ആക്ഷേപങ്ങള്‍  കൊണ്ട്  നെറുകയില്‍  ഉഷ്ണജലം  ചൊരിഞ്ഞു.  തലേ ദിവസം  വരെയും ഉദ്യോഗത്തിനിടയിലും  എല്ലാ  കാര്യങ്ങളും  ഉത്തരവാദിത്വത്തോടെ
ചെയ്ത്  കുടുംബം  നിലനിറുത്തിയവള്‍ പെട്ടെന്നൊരു  നിമിഷം  കൊണ്ട്  അന്യയാക്കപ്പട്ടു.  ഭര്‍ത്താവും  നൊന്തു പെറ്റ  മകനും  എല്ലാ  ബന്ധങ്ങളുടെയും
വേരറുത്ത്  എല്ലാവരും  ഉപേക്ഷിയ്ക്കപ്പട്ടപ്പോള്‍  അപമാനിയ്ക്കപ്പട്ട  സ്ത്രീത്വത്തിന്‍റെ  തേങ്ങലമര്‍ത്തി   അവള്‍ക്ക്  നാളുകള്‍  കഴിച്ചു  കൂട്ടേണ്ടി  വന്നു.

                പുരാണങ്ങളിലും  ഇതിഹാസങ്ങളിലും  പുരുഷമുഖങ്ങള്‍  വിചാരണകളില്ലാതെ  രക്ഷപ്പട്ടപ്പോള്‍അവിടെ  കണ്ണീരൊഴുക്കിയത്  സ്ത്രീ  മനസ്സുകള്‍. ഇന്നും  കണ്ണീരൊഴുക്കുന്ന  ഈ  സ്ത്രീ  മനസ്സിനെ കണ്ടതായിപ്പോലും
ആരും  ഭാവിക്കുന്നില്ല.

                 ഒരു  ജോലി  മാത്രമായിരുന്നു  ജീവിയ്ക്കാനുള്ള  അവളുടെ  കച്ചിത്തുരുമ്പ്. ജീവിതം  അവസാനിപ്പിക്കുവാന്‍  അവള്‍ക്ക്  മനസ്സു  വന്നില്ല.ആയുസ്സ്  തന്നവന്‍  സമയമാകുമ്പോള്‍ തിരിച്ചെടുക്കട്ടെ  എന്നവള്‍  ഉറപ്പിച്ചു.

                   കാലം  മായ്ക്കാത്തമുറിവുകളില്ലല്ലോ?  ക്രമേണ  അവള്‍  ഓരോന്നും  മറക്കാന്‍  ശ്രമിച്ചു. കഴിഞ്ഞതെല്ലാം  ഒരു  സ്വപ്നമാണെന്ന്  കരുതി  ആശ്വസിയ്ക്കാനും. എന്നാല്‍   തന്‍റെ  പ്രായവും  സൗന്ദര്യവും  ആരോഗ്യവും
അറിയാവുന്ന സുഹൃത്തുകള്‍ക്ക്  സഹതാപം.

                 പല  തവണയുള്ള  സുഹൃത്തുക്കളുടെ  നിര്‍ബന്ധം.

                ങാ,  വരട്ടെ!  എന്ന  അവളുടെ  മറുപടി  അവരെ  തൃപ്തരാക്കയില്ല.  എല്ലാം  അനുഭവിയ്ക്കാന്‍ തയ്യാറായിരുന്ന   അവളേക്കാള്‍  വിഷമം അവര്‍ക്കേറെ .   ഇനി  ഒരിയ്ക്കലും  ഒരു  പുരുഷന്‍റെ  കയ്യിലെ  കളിപ്പാവയാവരുത്.  മനസ്സ്  ചഞ്ചലമാകാന്‍  പാടില്ല.  അപമാനങ്ങളും  അടിച്ചമര്‍ത്തലുകളും  അതിജീവിച്ച്  നേടിയെടുത്തതാണ്  ഇപ്പോഴത്തെ  അവളുടെ  മനസ്സ്.   ഇനി  പുരുഷന്‍റെ കൈകളാല്‍  പിച്ചിച്ചീന്താതിരിയ്ക്കാനുള്ള  കരുത്തുണ്ടാവണം.

                       ഭാവിജീവിതം  സുരക്ഷിതമാക്കണമെന്നുള്ള  ഉറപ്പിന്  കോണ്‍ക്രീറ്റിനേക്കാള്‍  ബലമുണ്ടെന്ന്  വിശ്വസിച്ചിട്ടിപ്പോള്‍  !
                       അവളുടെ  മനസ്സൊന്നു  പാളിയോ?

                       സ്നേഹത്തിന്‍റെ ,  ഉത്തരവാദിത്വത്തിന്‍റെ ,  സംരക്ഷണയുടെ  പച്ചത്തുരുത്ത്  പതിച്ച്  നല്‍കാമെന്ന  പുരുഷന്‍റെ  വാക്കില്‍  അവളുടെ മനസ്സൊന്ന്  ഉടക്കിപ്പോയോ?

വീണ്ടുമൊരു  ചതിക്കുഴിയില്‍ചെന്നുപെടാന്‍  ഒരുമ്പെട്ടത് അവളുടെ  സ്ത്രീ  സഹജമായ  അഭിനിവേഷം കൊണ്ടുമാത്രമായിരുന്നോ?  ആ പുരുഷന്‍  ആഗ്രഹിച്ചത്  തന്‍റെ  സൗന്ദര്യം  ആസ്വദിയ്ക്കാനുള്ള  അദമ്യമായ  മോഹവും  തന്‍റെ  ദേഹത്തുണ്ടായിരുന്ന  സ്വര്‍ണാഭരണങ്ങളുമായിരുന്നുവെന്ന്    അവള്‍ക്കറിയാന്‍  അധികനാള്‍  വേണ്ടി  വന്നില്ല.  എങ്കിലും  തന്‍റെ  ഫോണ്‍ നമ്പര്‍  മറ്റുള്ളവര്‍ക്ക്  നല്‍കി  ഇത്  തന്നെ  വിളിയ്ക്കാന്‍  തന്നതാണ്  എന്ന്  പറഞ്ഞ്    അശ്ളീലം  സംസാരിച്ചപ്പോള്‍  പകച്ചു  നിന്ന്  പോയിട്ടുണ്ട്.  നഷ്ടപ്പെട്ടത്  നാലു  പവന്‍റെ സ്വര്‍ണാഭരണങ്ങള്‍  ആണെങ്കിലും  തന്‍റെ  മാനം  കപ്പ്ലു  കയറേണ്ടി  വന്നില്ലല്ലോ  എന്ന  ആശ്വാസമായിരുന്നു  അവള്‍ക്ക്.

              പെണ്ണിന്‍റെ  നിസ്സാഹയതയെ ചൂഷണം  ചെയ്ത്കൊണ്ട്     ആര്‍ഭാടത്തോടെയും  അഹങ്കാരത്തോടെയും  കഴിയുന്ന  അവളുടെ  മാനത്തിന്  പുല്ലു  വില കല്‍പ്പിക്കുന്ന  പുരുഷനോടൊരു  വാക്ക്.!

              നിന്നെപ്പോലൊരുവന്‍  കുഴിയ്ക്കുന്ന  ചതിക്കുഴിയില്‍       വീഴുന്നത് നിന്‍റെ  അമ്മയോ,  ഭാര്യയോ, സഹോദരിയോ  മകളോ  ആകാതിരിയ്ക്കട്ടെ!

Friday, 18 January 2013

സ്വര്‍ഗത്തിലെ മാലാഖ



                     അനുവിന്  കിടന്നിട്ട്  ഉറക്കം  വന്നില്ല.  ക്ളാസ്സില്‍  അല്‍ഫോണ്‍സ  ടീച്ചര്‍  പറഞ്ഞ  വാക്കുകള്‍  തന്നെയായിരുന്നു  അവളുടെ  മനസ്സില്‍..
         
               ''കുഞ്ഞുങ്ങളേ,  നിങ്ങള്‍  സ്വര്‍ഗത്തിലെ  മാലാഖമാരെപ്പോലെയാണ്."

ടീച്ചര്‍  പറഞ്ഞ  മാലാഖയെക്കുറിച്ച്  അവള്‍ വീണ്ടും  വീണ്ടും  ഓര്‍ത്തു  നോക്കി

                 മാലാഖമാര്‍ക്ക്  ചിറകുകളുണ്ട്. അവര്‍  പറന്ന്  പറന്ന്  വരും. അവര്‍  വരുമ്പോള്‍  അവിടമാകെ  സുഗന്ധം  പരക്കും.  അവര്‍ക്കിഷ്ടപ്പെട്ട  കുഞ്ഞുങ്ങളെ   തഴുകിത്തലോടും.  അവരുടെ  ചിറകിലേറ്റി  സ്വര്‍ഗം  കാണിയ്ക്കാന്‍  കൊണ്ടു  പോകും.

                 " ഹായ്, അവരുടെ  തലോടലിന്  എ  ന്തു  സുഖമായിരിയ്ക്കും!                          ..മൃദുലമായ അവരുടെ കൈകള്‍  കൊണ്ട്  തലോടുമ്പോള്‍  നമുക്കെന്താവും  തോന്നുക!  പഞ്ഞി കൊണ്ട്  ദേഹമാകെ  തഴുകുന്നതു  പോലെ.  എന്നിട്ട് ചിറകിലേറി  ഒരു  ആകാശ  യാത്ര.  ഹോ!  അത്  ആലോചിയ്ക്കാന്‍  പോലും  വയ്യ.!"

               അതോര്‍ത്തപ്പോള്‍  അവളുടെ  ദേഹത്ത്  കുളിര്  കോരിയിട്ടു.

പക്ഷേ, ടീച്ചര്‍ പറഞ്ഞ  കാര്യം  ഓര്‍ത്തപ്പോള്‍ അവള്‍ക്ക്  വിഷമവും  തോന്നി.

                 മാലാഖമാര്‍  എല്ലാവരുടെയും  അടുത്ത്  വരില്ല.  എല്ലാവരേയും  തലോടില്ല.

                          പിന്നെ?

             '' മാലാഖമാര്‍ക്ക്  ഇഷ്ടമാവണം''.!

              ''എങ്ങനെയാ   അത്?  വെളുത്ത്  സുന്ദരിയായാല്‍  ഇഷ്ടമാവോ''?

                ''ഏയ് അല്ല,  അങ്ങനെയല്ലല്ലോ  ടീച്ചര്‍  പറഞ്ഞത്.''

മാലാഖമാര്‍ക്ക്  ഇഷ്ടമാവണമെങ്കില്‍   നല്ല  സ്വഭാവമുള്ളവരാകണം. ഈശ്വരനെ  ധ്യാനിയ്ക്കണം.  മാതാപിതാക്കളെയും  ഗുരുക്കന്‍മാരെയും  ബഹുമാനിയ്ക്കണം.  മുതിര്‍ന്നവരെ  ആദരിയ്ക്കണം. മറ്റുള്ളവരോട്  സ്നേഹത്തോടെ  പെരുമാറണം.  അവശരോട്  കരുണ  കാട്ടണം.  മനസ്സിന്‍റെ
സൗന്ദര്യമാണ്  മാലാഖമാര്‍  ഇഷ്ടപ്പെടുക!

                      അനുവിന്  അന്ന് ഉറങ്ങാനേ  കഴിഞ്ഞില്ല.  അവളുടെ  മനസ്സില്‍  ചിറക്  വീശി  പറന്നു  വരുന്ന  മാലാഖയെപ്പറ്റി  മാത്രമായിരുന്നു  ചിന്ത!

                 '' മാലാഖയ്ക്ക്  തന്നെ  ഇഷ്ടമാവുമോ? എന്നെ  ഇഷ്ടമാണെന്ന്  എങ്ങനെ അറിയും?''

                    അല്‍ഫോണ്‍സ  ടീച്ചര്‍ക്ക്  എന്നെ  ഇഷ്ടമാണല്ലോ.  അപ്പോള്‍  മാലാഖയ്ക്കും  എന്നെ  ഇഷ്ടമാവാതിരിയ്ക്കില്ല.

                    അവള്‍  ഓരോ  ദിവസവും  മാലാഖയുടെ  ചിറകിന്‍  സ്പര്‍ശവും  വരുമ്പോഴുണ്ടാകുന്ന  സുഗന്ധവും  സ്വപ്നം  കണ്ടുറങ്ങി.

                      ഒരു  ദിവസം  ഉറങ്ങിക്കടന്നപ്പോള്‍  അവളറിഞ്ഞു.

"ആരാണ്  പഞ്ഞിപോലെ  മൃദുലമായ  സ്പര്‍ശം  കൊണ്ട്  തന്നെ  തഴുകി  തലോടുന്നത്?  അമ്മയുടെ  കൈകളാണോ?  അല്ലല്ലോ?  അമ്മയുടെ  കൈകള്‍  അടുക്കളയില്‍   ജോലി  ചെയ്ത്  പാറ  പോലെയാണല്ലോ  ഇരിയ്ക്കുന്നത്.''

                         എവിടെ  നിന്നാണ്  ഈ  സുഗന്ധം  വരുന്നത്?

                           താന്‍  സുഗന്ധദ്രവ്യമൊന്നും  പൂശിയിട്ടില്ലല്ലോ?

                         ''   ഹായ് .. ഇത്  മാലാഖയുടെ  കരങ്ങള്‍  തന്നെ!  ഈ  പരിമളവും  മാലാഖയുടേത്  തന്നെ!''

                 മുറി  മുഴുവനും  ആ  സുഗന്ധം  പരന്നു.


                 അവള്‍  കോരിത്തരിച്ചു.    

                   മാലാഖ  അവളെ  കോരിയെടുത്ത്  ചറകിലിരുത്തി.  ഒരു  കുഞ്ഞു  മാലാഖയായി  അനുവും  പറന്ന്  പറന്ന്  പോയി..  അങ്ങ്..........ദൂരെ.........

                             സ്വര്‍ഗം  കാണാനായി..................

Thursday, 17 January 2013

ഇനി ഞാന്‍ പൊയ്ക്കോട്ടെ!

ഇരുട്ടിന്‍  പിന്നാമ്പുറത്തിറങ്ങുമ്പോള്‍
ഇലകൊഴിയും  മരത്തിന്നിലകളും
ഇരുള്‍ക്കിളികളും  പറന്നു  പോകുന്നു.
ഇടനെഞ്ചു  പൊട്ടി  വിതുമ്പുമ്പോഴും
ഈ നറുമൊഴികള്‍  വ്യര്‍ത്ഥമാം  നാദങ്ങള്‍
ഇരുട്ടിലേയ്ക്ക്  ഞാനിറങ്ങി
ഇടറും  വഴിയിലൂടെ  ഇനി ഞാന്‍  പൊയ്ക്കോട്ടെ!

                     ഇപ്പനീര്‍മൊട്ടും ഇതള്‍  വിടര്‍ത്തും
                     ഈ  ശിശിരവുമെല്ലാം  വ്യര്‍ത്ഥമാം  സ്വപ്നാടനങ്ങള്‍
                     ഇവിടെ  നിറം  മങ്ങിയ വഴികള്‍
                     ഇണപിരിയും വെണ്‍  പ്രാവുകള്‍
                     ഈറന്‍  മിഴികളോടെ  കാത്തിരിയ്ക്കും
                     ഈ  മഞ്ഞും  മണവും
                     ഈ  തീക്കാറ്റും  രാപ്പാടി  തന്‍  താരാട്ടും
                     ഇന്നുമെന്‍  മനസ്സിന്‍  വേരറ്റ  കിനാക്കള്‍
                     ഇടറും  വഴിയിലൂടെ  ഇനി  ഞാന്‍  പൊയ്ക്കോട്ടെ!

ഇവിടെ  കൂടു  തകര്‍ന്ന  പക്ഷി തന്‍
ഇരമ്പും  വിഷാദഗീതം തുളുമ്പും  രാഗവും
ഈവഴി  ചിറകടിച്ചു  പറക്കും
ഇരപിടിയന്‍ പ്രാക്കളും
ഇന്നുമെന്‍  മനസ്സില്‍  വേരറ്റ  കിനാക്കള്‍
ഇന്നോളമെനിയ്ക്കായി  കാത്തു  വച്ചതെല്ലാം
ഇജ്ജന്‍മത്തിന്‍  പാഴ്ക്കിനാക്കളായി
ഇരുട്ടിലേയ്ക്ക്  ഞാനിറങ്ങി
ഇടറും  വഴിയിലൂടെ  ഇനി  ഞാന്‍  പൊയ്ക്കോട്ടെ!!..................

Sunday, 13 January 2013

ദുഃഖം........സുഖം



ആഗ്രഹിയ്ക്കാത്തപ്പോള്‍  വന്നെത്തും  അതിഥി
അതിഥി ദേവോഭവ  മറക്കും  ആതിഥേയന്‍
ആവില്ല  കൈക്കുടന്നയില്‍  കോരിക്കുടിക്കുവാന്‍
ആലിംഗനം  ചെയ്തു  വരവേറ്റിടാനും

                           വരിഞ്ഞു മുറുക്കിടും  കരാളഹസ്തങ്ങള്‍
                           ചങ്ങലയില്‍  ബന്ധിച്ചവശനാക്കും
                            കയ്പുനീരാണെങ്കിലും  കഹടിച്ചിറക്കും
                            കരുതലോടെന്നും  നാള്‍ക്കു നാളില്‍

കാലം കൈത്തലം  നീട്ടി  മാടിവിളിപ്പതും
കണ്ണുനീരിന്‍  നനവില്‍  ഊട്ടി  ഉറക്കുവതും
കാര്‍മേഘശകലങ്ങള്‍  പെയ്തൊഴിവതും
കരുതുക,നന്നായി  വന്നുചേരുവതും

                            അഗ്നിയില്‍  ശുദ്ധി ചെയ്തൊരു  പൊന്നിനേക്കാളേറും
                            തിളക്കം  പ്രസന്നതയില്‍  ചാലിച്ചൊരു  ജീവിതത്തിന്
                            ദുഃഖമഗ്നമായ  ജീവിത നൗക തുഴഞ്ഞ് കരയോടടുത്തിടുമ്പോള്‍
                            അപാരം  ആനന്ദം  അനിര്‍വചനീയം
                             അഴലിന്‍  സുഖമതിനാകുവോളം

നാനാ  ദുഃഖത്തില്‍  സമ്പന്നരല്ലോ  മര്‍ത്യന്‍
മൂലധനമായി മുതലിറക്കാന്‍  കെല്പുണ്ടെന്നാല്‍
വിജയം  സുനിശ്ചിതം  ജീവിത  പാതയെന്നും
വിജയക്കൊടി പാറിക്കാനീ  ജന്മമെന്നും

                              അമ്മ തന്‍  കഷ്ടത തന്‍  മക്കള്‍ക്ക്  തീര്‍ത്തും
                              ആനന്ദത്തിന്‍  അമ്മിഞ്ഞപ്പാലു  നുകരുവാന്‍
                               അല്ലലിലവര്‍ക്കായി  കരുതിവയ്ക്കും
                                അമൃതായി ,  സഹനമായി,  നവോന്മേഷമായി.................

Sunday, 6 January 2013

എന്‍റെ അമ്മ



                              ആയിരം  ഉമ്മയാല്‍  ആലോലമാട്ടുന്ന
                              ആദിത്യരശ്മിയാണെന്‍റെയമ്മ
                               ആയിരം  പൂക്കള്‍  വിരിഞ്ഞപോല്‍  ചിരിക്കുന്ന
                                അമ്പിളിക്കലയാണെന്‍റെയമ്മ!
                                ആമ്പല്‍  പൂ  തന്‍  അരുണാഭ പോലും
                                ആ  മനോ  വിശുദ്ധിയില്‍  കൂമ്പി നില്‍ക്കും
                                 ആഴക്കടലിന്‍റെ  അഗാധത  പോല്‍  തന്‍  ദുഃഖം
                                  ആശ്വസിച്ചാനന്ദിക്കുമെന്‍റെയമ്മ
                                  ആയിരം  നാവിലും  അമ്മയെ  വാഴ്ത്തുവാന്‍
                                   ആരുമേ  മത്സരിക്കുമെന്നുമെന്നും!