Friday, 28 December 2012

അച്ഛനെയോര്‍ത്ത്


അകലെ  കാലന്‍  കോഴി  കരഞ്ഞിട്ടുമുറങ്ങാതെ
അമര്‍ന്നു  കിടക്കയില്‍  തിരിഞ്ഞും മറിഞ്ഞുമായി
നിനച്ചു  പോയി  നിമിഷത്തില്‍  നിദ്രയുമനുഗ്രഹം
നിഷേധിച്ചകന്നുവോ  നിര്‍ദ്ദയമായിട്ടെന്നില്‍
             
                 താതന്‍റെ  സ്മരണകള്‍  തപിക്കും  മനസ്സിനെ
                 തണുപ്പിയ്ക്കാന്‍  തത്രപ്പെട്ട്  നിഷ്ഫലമായിടുമ്പോള്‍
                 ഓര്‍ക്കുവാന്‍  കഴിയുന്നൊരനുഗ്രഹ മായിച്ചൊന്ന്
                 ഓര്‍മ്മ  തന്‍  ഓടാമ്പല്‍  നീക്കി  കിടന്നു  ഞാന്‍

അമ്മ തന്‍  ചൂടും  ചൂരും  പകര്‍ന്നു  നല്‍കുവാന്‍
അച്ഛനായിരുന്നല്ലോ  മത്സരിച്ചടുത്തതും
ബധിരമാം  സ്നേഹത്തോടും  മൂകമാം  വാത്സല്യത്തോടും
കഴിഞ്ഞു  നാളുകള്‍  ഒഴുകിയാനന്ദമായ്

                  മറക്കുവാന്‍  കഴിയില്ല  സ്നേഹത്തിന്‍  നിര്‍ഝരിയായ്
                  അലിവിന്‍ കടലായ്, താങ്ങായ്, പൂന്തണലായ്
                   പെട്ടെന്നൊരു  നാളില്‍   നിലച്ചു   നിര്‍നിമേഷമായ്
                   പഴിച്ചു  വിധിയെ  ഒരിയ്ക്കലുമൊടുങ്ങാതെ

മരണം  സത്യം  തടുക്കുവാന്‍  കഴിയില്ലാര്‍ക്കുമെ-
ന്നറിഞ്ഞിട്ടുമറിയാതെ  നിലപിച്ചവശയായ്
മറക്കുവാന്‍  കഴിയില്ലീ  മകള്‍ക്കീ  ജന്മം  തീര്‍ത്തും
മറന്നിട്ടൊരു നിമിഷവുമില്ലെനിയ്ക്കായ്  ഇനിയെന്നും
ഇല്ല‌ല്ലോ  തരുവാനീ  മകള്‍ക്കീ  താതനായ്
ഇറ്റിറ്റു  വീഴ്ന്നൊരീ  അശ്രുവിന്‍  പൂക്കള്‍  മാത്രം!!.................

1 comment:

  1. അല്ലാഹു നേരറിയുന്നു .....

    ആഴിയിലും കുടെ വരുന്നു.....

    നന്മ വരട്ടെ....

    ശുഭാസംസകള്‍................

    ReplyDelete