ഇപ്പോള്‍ ആകാശം പൂത്തു നില്‍ക്കുന്നത് മേഘങ്ങളാലാണ്. ക്രമേണ അതിന്‍റെ നിറം കറുപ്പായി മാറുന്നുവോ? ചാറ്റല്‍ മഴ ഇടയ്ക്കിടെ വീണുകൊണ്ടിരിക്കുന്നു.
ഒരു തണുത്ത സായാഹ്നം.
"ഗോപാ! നിന്നെ എവിടെയൊക്കെ തിരക്കി ഞാന്‍.""'"
ചിന്തയിലാണ്ടിരുന്ന ഗോപന്‍ തിരിഞ്ഞുനോക്കി.
തന്‍റെ സുഹൃത്ത് അനന്തുവാണ്.
"എന്താ ഒറ്റയ്ക്ക്? ഇവിടെ വന്ന്ഒളിച്ചിരിയ്ക്കുകയാണോ
അതെ. എല്ലാറ്റില്‍ നിന്നും ഒളിച്ചോട്ടമാണ്. ജീവിതം എന്തൊരു ക്രൂരത! ബന്ധങ്ങള്‍ സ്വാര്‍ത്ഥത നിറഞ്ഞവ. അല്ലെങ്കില്‍ തന്‍റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളെ പുഴയുടെ അഗാധതയില്‍ വലിച്ചെറിഞ്ഞിട്ട് തന്‍റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തനിക്ക് കഴിയുമോ?
ഏകാന്തത ഇഷ്ടപ്പെടുന്ന ഗോപന് ഒത്തിരി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വന്നു. അനന്തു ഓരോന്നു ചോദിക്കുന്നു. ഒരിക്കലും ഓര്‍മ്മിയ്ക്കാന്‍ ഇഷ്ടപ്പെടാത്തവ! മനസ്സില്‍ മായാത്ത വടുക്കള്‍ സൃഷ്ടിച്ച് കഴുകിയാലും മാറ്റാന്‍ പറ്റാത്തവ!
അന്തരീക്ഷം പുക മഞ്ഞില്‍ മൂടിയിരിക്കുന്നു. തന്‍റെ മനസ്സും പുകയാല്‍ മൂടപ്പെട്ടിരിക്കുന്നു. ഒന്നും വ്യക്തമായി തെളിയുന്നില്ല. ഒന്നും.
ആത്മാര്‍ത്ഥതയുള്ള കൂട്ടുകാരായിരുന്നു അവര്‍ നാലു പേരും. അജ്മലും അനന്തുവും ശരത്തും താനും. രക്തബന്ധങ്ങളേക്കാള്‍ ശക്തമായ ബന്ധമായിരുന്നു.
അങ്ങനെയാണല്ലോ അവര്‍ തന്‍റെ അനിയത്തിയുടെ വിവാഹത്തിന്
തലേ ദിവസമേ എത്തിയതും സ്നേഹത്തിന്‍റെ നനവൂറുന്ന മനസ്സോടെ എല്ലാറ്റിനും ഭാഗഭാക്കായതും.
കല്യാണദിവസം വീട്ടിലെ അസൗകര്യം കണക്കിലെടുത്താണ് കുളി പുഴയിലാകാമെന്ന് തീരുമാനിച്ചത്. പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന അവര്‍ക്ക്
പുഴയില്‍ മുങ്ങിക്കുളിക്കുവാന്‍ കിട്ടിയ ഒരവസരം കൂടിയായിരുന്നു അത്.
പ്രഭാത സൂര്യന്‍റെ നറും വെളിച്ചം തെങ്ങിന്‍ തലപ്പുകളില്‍ തട്ടി വജ്രത്തെപ്പോലെ ശോഭിച്ചു. ഒപ്പം നിശബ്ദമായ ഓളപ്പരപ്പില്‍ ഒരായിരം വര്‍ണചിത്രങ്ങള്‍ വരച്ചു. അവര്‍ വസ്ത്രങ്ങള്‍ പുഴക്കരയില്‍ വച്ച് തോര്‍ത്തുടുത്ത് വെള്ളത്തിലേയ്ക്കിറങ്ങി.
തണുപ്പ് ഞരമ്പുകളിലേയ്ക്ക് അരിച്ചു കയറി. പുഴയിലെ മുങ്ങിക്കുളി പുതിയരൊനുഭവമായിരുന്നു അജ്മലിനും ശരത്തിനും. പെട്ടെന്ന് കുളി മതിയാക്കാനുള്ള മനസ്സുമുണ്ടായിരുന്നില്ല.
ഇതിനിടയിലാണ് ഗോപനെ എന്തോ അത്യാവശ്യ കാര്യത്തിന് വിളിക്കാനായി അവന്‍റെ ബന്ധു എത്തിയത്. അനിയത്തിയുടെ വിവാഹദിവസം വീട്ടില്‍ എപ്പോഴും തന്‍റെ സാന്നിദ്ധ്യം ഉണ്ടായിരിക്കേണ്ടതുണ്ട് എന്നറിയാമായിരുന്നിട്ടും കൂട്ടുകാരുടെ സന്തോഷത്തിന് വേണ്ടിയാണ് അവനും അവരോടൊപ്പം കൂടിയത്.
"ഞങ്ങള്‍ കുറച്ചു കൂടി കുളിച്ചിട്ട് വന്നോളാം . ഗോപന്‍ പൊയ്ക്കോ, അനന്തൂ നീ കൂടി ചെല്ല്"
അജ്മല്‍ പറഞ്ഞു.
നിങ്ങള്‍ വേഗം കുളിച്ച് മതിയാക്കി വന്നേയ്ക്കണം. കരയില്‍ നിന്നും ഒരുപാട്
ദൂരേയ്ക്കൊന്നും പോകരുത്. അവിടെയൊക്കെ മണല്‍ വാരിയ കുഴികള്‍
കാണും. സൂക്ഷിക്കണം!
അതും പറഞ്ഞ് ഗോപനും അനന്തുവും കടവിന്‍റെ പടിക്കെട്ടുകള്‍ കയറി
നടന്നു.
"നീന്തലറിയാമായിരുന്നെങ്കില്‍ നമുക്കീ പുഴ നീന്തി കടക്കാമായിരുന്നു
അല്ലേടാ" ശരത് പറഞ്ഞു.
മഞ്ഞിന്‍ കണം പോലെ തണുപ്പുള്ള വെള്ളത്തില്‍ അവര്‍ വീണ്ടും വീണ്ടും മുങ്ങി ഉയര്‍ന്നു.
" അജ്മല്‍ വാ, ഇനി മതിയാക്കാം. കല്യാണത്തിന് പോകാണ്ടതല്ലേ?
അവര്‍ നമ്മളെ കാത്തിരിക്കുന്നുണ്ടാവും."
" വരാമെടാ. കുറച്ചു കൂടി കുളിച്ചോട്ടെ! എന്തൊരു സുഖം! മനസ്സും ശരീരവും ഒരു പോലെ തണുത്തതു പോലെ."
"എന്തായാലും ഞാന്‍ മതിയാക്കി."
ശരത് കരയിലേയ്ക്ക് കയറി. തല തോര്‍ത്തി. വസ്ത്രങ്ങള്‍ മാറി തിരിഞ്ഞു നോക്കിയപ്പോള്‍ അജ്മലിനെ കാണാനില്ല.
ഇവനിതെവിടെപ്പോയി? എന്നെ പറ്റിയ്ക്കാനായി പാറയുടെ മറവിലോ കല്‍പ്പടവിനടിയിലോ ഒളിച്ചിരിക്കുകയാണോ?
അവന്‍ ഉറക്കെ വിളിച്ചു
"അജ്മലേ................അജ്മലേ..........."
ഒരു മറുപടിയുമുണ്ടായില്ല.
പെട്ടെന്നാണവന്‍ കണ്ടത്. വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്ന അജ്മല്‍!. മുങ്ങിത്താഴ്ന്ന് ഉയരുമ്പോള്‍ സഹായത്തിനായി നീട്ടുന്ന കരങ്ങള്‍
ദൈവമേ, ഇനി എന്താ ചെയ്ക?
ചിന്തിച്ചു നില്‍ക്കാനുള്ള സമയമല്ലിത്. തനിക്ക് നീന്തല്‍ വശമില്ലെന്നോ നീന്തല്‍ വശമില്ലാതെ എടുത്തു ചാടിയാല്‍ താനും അപകടത്തില്‍ പെടുമെന്നോ ചിന്തിക്കാനുള്ല സമയം പോലുമെടുക്കാതെ ജീവനുവേണ്ടി പിടയുന്ന കൂട്ടുകാരനെ രക്ഷിക്കാന്‍അവനും പുഴയിലേയ്ക്ക് എടുത്തു ചാടി.
ജീവവായുവിന് വേണ്ടി ജലപ്പരപ്പിന് മുകളിലേക്ക് മുഖമുയര്‍ത്തുമ്പോള്‍ ശരത്തിന് തന്‍റെ സുഹൃത്തിനെ രക്ഷിക്കാനോ സ്വയം
രക്ഷപ്പെടാനോ കഴിഞ്ഞില്ല. ഏതോ അജ്ഞാതശക്തി താഴേയ്ക്ക വലിച്ചു.
രണ്ടു പേരും താഴേയ്ക്ക്...........താഴേയ്ക്ക്
സമയമായിട്ടും കൂട്ടുകാരെ കാണാതായപ്പോള്‍ അനന്തു അന്വേഷിച്ചിറങ്ങി.
പുഴക്കരയിലെത്തിയപ്പോള്‍ ഒരാളുടെ വസ്ത്രം മാത്രം കണ്ടപ്പോള്‍ അവന് എന്തൊക്കെയോ ചിന്തകള്‍ തലച്ചോറിലൂടെ കടന്നു പോയി. ഇവരിതെവിടെപ്പോയി? ഇതുവരേയും കുളി കഴിഞ്ഞില്ലേ? എങ്കില്‍പ്പിന്നെ ഒരാളുടെ വസ്ത്രം എവിടെ?
അവന്‍ പുഴയിലേയ്ക്ക് നോക്കി. ആരെയും കണ്ടില്ല. അപ്പോഴാണ് പുഴയുടെ അറ്റത്തെ മണലെടുത്ത് കയമായിക്കിടന്നിടത്തു നിന്ന് കുമിളകള്‍ ഉയര്‍ന്നു പൊങ്ങുന്നത് അവന്‍ കണ്ടത്.
ആകാശവും ഭൂമിയും പൊട്ടിപ്പിളരുന്നതു പോലെ അലറി വിളിച്ചു കൊണ്ടവന്‍ തറയിലിരുന്നു പോയി.
താനിനി എന്ത് ചെയ്യും? ഗോപനെ ഇതറിയിച്ചാല്‍!. !! മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ള കല്യാണ വീട്ടില്‍ ഇതറിയിച്ചാല്‍!......, . .....-അറിയിക്കാതിരുന്നാല്‍...............,,,,,........അറിയിച്ചാല്‍ തന്‍റെ അനിയത്തിയെപ്പോലെ കാണുന്ന ഗോപന്‍റെ അനിയത്തിയുടെ വിവാഹം നടക്കുമോ? അറിയിക്കാതിരുന്നാല്‍ ഗോപന്‍ തന്നോട് പൊറുക്കുമോ? തന്‍റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ആത്മാവ് തന്നോട് പൊറുക്കുമോ?
വേദനയുടെ നെരിപ്പോടില്‍ വെന്തെരിയുന്ന അനന്തുവിന് എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കാനേ കഴിഞ്ഞുള്ളൂ. കരളിന്‍റെ അടിത്തട്ടില്‍ വേദന കുമിളിയിട്ടുയരുന്നു. വേദനയുടെയും ആത്മ സംഘര്‍ഷത്തിന്‍റെയും വേലിയേറ്റത്തിനിടയില്‍ അവനൊരു തീരുമാനത്തിലെത്തി. ആരൊക്കെ എത്ര ശ്രമിച്ചാലും അവരെ രക്ഷിക്കാന്‍ കഴിയില്ല.
തല്‍ക്കാലം ഇതൊന്നും ഗോപനെ അറിയിക്കണ്ട.
സുഹൃത്തുക്കളെ തിരക്കിയിറങ്ങി ഗോപന്‍ വരുന്നതിന് മുമ്പ് തന്നെ ശരത് പറഞ്ഞു,
'' ഗോപന്‍ മുമ്പേ പൊയ്ക്കോളൂ, ഞങ്ങള്‍ പിന്നീട് വന്നോളാം. ക്ഷണിച്ചവരില്‍ ഇനിയും നമ്മുടെ രണ്ടു മൂന്ന് സുഹൃത്തുക്കള്‍ വരാനുണ്ടല്ലോ?"
"അവന്‍മാര്‍ ഇതുവരെ കുളി കഴിഞ്ഞ് വന്നില്ലേ? അവരെയും കൂട്ടി വേഗം വന്നേയ്ക്കണം. സമയം ആകാറെയായി. ഞാന്‍ പോവുകയാ".
പരസ്പര ബന്ധമില്ലാത്ത പല ചിന്തകളും തലച്ചോറില്‍ നിരങ്ങി നീങ്ങുകയാണ്. ഇനിയെന്ത്? ചരടു പൊട്ടിയ പട്ടം പോലെ അജ്ഞാത ശക്തിയുടെ പ്രേരണയെന്ന പോലെ അനന്തു നടന്നു.
പുഴക്കരയിലേയ്ക്ക്.
വേദനയുടെ നെരിപ്പോടു കത്തുന്നു. അതിന്‍റെ ചൂടും പുകയും നിസ്സാരമല്ല. അതിനെ അതിജീവിക്കുക സാധ്യവുമല്ല.
വിവാഹം കഴിഞ്ഞു.!!
ചേതനയറ്റ രണ്ട് ശരീരങ്ങളെ പുഴയിലെ അജ്ഞാത ശക്തിയുടെ കരങ്ങളില്‍ നിന്നടര്‍ത്തി മാറ്റി മണല്‍ത്തിട്ടയില്‍ കിടത്തിയപ്പോള്‍ ചുറ്റും ആളുന്ന തീയിലൂടെ നടക്കുന്നവന്‍റെ മനസ്സ്.
ദുഃഖത്തിന്‍റെ കരിമ്പനകള്‍ പടര്‍ന്നു പന്തലിച്ച മനസ്സ്. അതില്‍ ചേക്കേറിയത്, ആ കരിമ്പനകളില്‍ കാവലായത് തന്‍റെ രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ആത്മാക്കള്‍! . തനിക്കെന്നെങ്കിലും ഈ ആത്മാക്കളുടെ പിടിയില്‍ നിന്നും മോചനമുണ്ടോ? കരള്‍ കൊത്തിപ്പറിക്കുന്ന വേദനയുടെ ധംഷ്ട്രങ്ങള്‍ പിടിയമര്‍ത്താതിരിക്കുമോ?
നിര്‍ഭാഗ്യത്തിന്‍റെ കറുത്ത നിറമല്ലാതെ അതിന് വേറിട്ടൊരു നിറം നല്‍കാന്‍ തനിക്ക് കഴിയുമോ?............................
No comments:
Post a Comment