ഈറനുടുത്ത പ്രകൃതിയുടെ കൊതിപ്പിക്കുന്ന നനുത്ത ഗന്ധം. ഇടയ്ക്കിടെ പിന്നിലൂടെ ഓടിവന്ന് കണ്ണ് പൊത്തിക്കളിക്കുന്ന ഇളങ്കാറ്റ്, ജനലിന്റെ കര്ട്ടന് മാറ്റി കിടക്കയില്‍ വന്ന് വീണ്ടും കിടന്നു. അവിടെ കിടന്നുകൊണ്ട് തന്നെ ദൂരെ മലനിരകളിലൂടെ സൂചിയില്‍ കോര്‍ത്ത കറുത്ത
നൂലുകള്‍ പോലെ പ്രകൃതിയുടെ പച്ചപ്പിലലിഞ്ഞു ചേരുന്ന ഇടവഴികള്‍ കണ്ടു.കാണുവാനായിരുന്നില്ല നോക്കി കിടക്കുവാനായിരുന്നു അവള്‍ക്ക ഏറെ ഇഷ്ടം. എത്ര നേരം കിടന്നാലും അതിലൊരു മടിപ്പോ, മുഷിപ്പോ, സമയക്കുറവു കൊണ്ടുള്ള ധൃതിയോ ഉണ്ടാവില്ല.
ഒഴിവു ദിനത്തിന്റെ ആലസ്യത്തില്‍ അതെല്ലാം ചീന്തിയെറിഞ്ഞ സുഖത്തിലായിരുന്നു അവളുടെ മനസ്സ്. സ്വപ്നത്തിലെ ആകാശക്കാഴ്ചയില്‍ കാറ്റില്‍ ഒരപ്പൂപ്പന്‍താടിയായി പറന്നു നടക്കാന്‍ അവളുടെ മനസ്സ് വെമ്പി.
കിടക്കയില്‍ നിന്നെഴുന്നേറ്റ് പുറംകാഴ്ചകളെ മറഞ്ഞു കിടന്ന കര്‍ട്ടന്റെ ഞൊറികളെ കഴിയുന്നത്ര രീതിയില്‍ ഒതുക്കിയിട്ടു. കണ്ണാടിച്ചില്ലുകളില്‍ വിയര്‍പ്പു തുള്ളികളെപ്പോലെ പറ്റിപ്പിടിച്ചിരുന്ന ചാറ്റല്‍ മഴയുടെ നനുത്ത കുമിളകള്‍ കൈകൊണ്ട് തലോടിയപ്പോള്‍ അത് വള്ളികളും പുള്ളികളുമായി താഴേയ്ക്ക് ഒലിച്ചിറങ്ങി. അവയെ അമര്‍ത്തിത്തുടച്ച് വീണ്ടും കിടക്കയില്‍ വന്ന് കിടന്നു.
പച്ചപ്പിന്റെ ഇരുട്ടിലൂടെ അവ്യക്തമായ ഇടവഴിയിലൂടെ ഊര്‍ന്നു നീങ്ങുന്ന വഴിയാത്രക്കാരനെ കണ്ടാല്‍ രണ്ടു കമ്പുകള്‍ കൂട്ടിക്കെട്ടി അതിന്റെ അറ്റത്ത് കറുത്ത ചട്ടി കമിഴ്ത്തിയ ഒരു ജീവി അടിവച്ചടിവച്ച് നടന്നു പോകുന്നതുപോലെയാണ് തോന്നിയത്. അയാള്‍ ധരിച്ചിരുന്നത് വെള്ള വസ്ത്രം ആയിരുന്നതിനാലാവാം അതൊരു വഴിയാത്രക്കാരനായി തോന്നിയത്...
ആകാരം പൂണ്ട രാക്ഷസനെപ്പോലെ പടര്‍ന്നു പന്തലിച്ച വൃക്ഷത്തലപ്പുകള്‍ക്ക് മുകളിലൂടെ തലയുയര്‍ത്തി നില്.ക്കുന്ന പള്ളി മിനാരത്തിലെ പിറയുടെ ശോഭ ആകാശത്തുമ്പത്തെ അരിവാള്‍ പോലെയും അവള്ക്കനുഭവപ്പട്ടു. രാത്രിയായാല്‍ മിനാരത്തില്‍ മിന്നിക്കത്തുന്ന നീലയും
ചുവപ്പും നക്ഷത്ര വെളിച്ചങ്ങള്‍ തന്റെ ഭിത്തിയില്‍ കത്തിച്ചു വച്ച കുഞ്ഞു
നക്ഷത്രങ്ങളായും തോന്നിയിരുന്നു. മലഞ്ചെരിവിന് വശത്തായുള്ള ആമയുടെ പുറംതോട് കമിഴ്ത്തി വച്ച പോലത്തെ കറുത്ത പാറയില്‍ നിന്നും ഒലിച്ചിറങ്ങുന്ന നീര്‍ച്ചാലുകള്‍ക്ക് വെള്ളി നിറമില്ല. മഴത്തുള്ളികളായി പിന്‍വാങ്ങിയ കറുത്ത മേഘങ്ങള്‍ അതിന്റെ വെണ്മയുടെ ശോഭയ്ക്ക് നിറംകെടുത്തിയിരിക്കുന്നു.. തൊട്ടടുത്തായി ചെങ്കല്ലു നിറമുള്ള പാറ കഴുത്തു നീട്ടി നില്ക്കുന്ന ഒട്ടകത്തി്ന്റെ പൂഞ്ഞപോലെ ഉയര്‍ന്നു നില്ക്കുന്നു. അതില്‍ ഉറപ്പിച്ച് നിറുത്തിയിരിക്കുന്നപരസ്യപ്പലക ഒറ്റക്കാലില്‍ ധ്യാനം ചെയ്യുന്ന
വെള്ളക്കൊറ്റിയേയും ഓര്‍മ്മിപ്പിക്കുന്നു.
ഈ പ്രകൃതി ദൃശ്യങ്ങള്‍ അവളുടെ കിടക്ക മുറിയിലെ ജനല്പ്പാളികള് തുറന്നിട്ടാല്‍ കാണാവുന്ന കാഴ്ചകളായിരുന്നു. അവ കാണുക എന്നത് അവളുടെ മനസ്സിലെ ഭാവങ്ങളെ ഹരിതാഭമാക്കുന്നതും പ്രകൃതിയുടെ ഊര്‍ജ്ജം ഏറ്റുവാങ്ങിക്കൊണ്ടുള്ള ഓരോ അനുഭവങ്ങളും
അവളുടെ മനസ്സിനെ ഹര്ഷോന്മാദമാക്കുന്നവയുമായിരുന്നു. അവ അവളുടെ ഓര്‍മ്മയുടെ ചിമിഴില്‍ ഒരു പാടുകാലം ശേഖരിച്ചു വച്ചിരുന്നു.
ഊര്‍ദ്ധശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിയുടെ രമണീയതയുടെയും മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടല്‍ മൂലം നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രകൃതിയുടെ പച്ചപ്പിന്റെയും ആയുസ്സിന്റെ പുസ്തകത്തില്‍ വരച്ചിടാന്‍ പറ്റുന്നവയായി അവള് അവളുടെ അനുഭവങ്ങളെ കണക്കാക്കി. തന്റെ ബോധമനസ്സില്‍ ഒരു തരി വെളിച്ചമെങ്കിലും അവശേഷിക്കുന്നതുവരെ താനത് താലോലിക്കും. തന്റെ ജീവന് അമൃതജലം നല്കി നല്കി പുനരുജ്ജീവിപ്പിക്കുന്നതും ഈ അനുഭവങ്ങളും ഓര്‍മ്മകളും മാത്രമാണ്.
പെരുമഴക്കാലമല്ലായിരുന്നുവെങ്കിലും പുഴയുടെ ഒഴുക്കിന്റെ ശബ്ദത്തിന് കനവും ഗാംഭീര്യവുമനുഭവപ്പെട്ടു. നേര്‍ത്തൊഴുകുന്ന പുഴയുടെ സംഗീതം ഇപ്പോള്‍ വലിയൊരു ഭാരം വഹിച്ചു കൊണ്ടൊഴുകാന്‍ ബദ്ധപ്പെടുന്നതു പോലെയായിരുന്നു. ചിലപ്പോള്‍ മലയ്ക്ക് മഴ പെയ്യുമ്പോള്‍ മലയടിവാരത്തു നിന്നും വെള്ള്പ്പാച്ചിലിനോടൊപ്പം കൂടെ ഒഴുകിയെത്തുന്ന വൃക്ഷത്തിന്റെ ശിഖരങ്ങളും കരയില്‍ അടിഞ്ഞു കൂടിയിരുന്ന ചപ്പു ചവറുകളെല്ലാം ചുമന്നു വരുമ്പോള്‍ ആയാസം തോന്നില്ലേ?
പുഴയിപ്പോള്‍ കലങ്ങി മറിഞ്ഞിട്ടുണ്ടാവും! അവളുടെ മനസ്സ് പോലെ. ആര്‍ദ്രതയുടെയും സ്നേഹത്തിന്റെയും തെളിനീരു പോലെ ഒഴുകുന്ന പുഴയും വിഷാദത്തിന്റെ ധൂമിലിതയാല് കലങ്ങിമറിയുന്ന പുഴയും അവളുടെ മനസ്സിലെ ഓരോ അനുഭവങ്ങളെയും പ്രതിനിധീകരിക്കുന്നുണ്ട്. ഇന്നത്തെ പുഴയുടെ ഭാവം തന്നെയായിരുന്നു. അവളുടെ മനസ്സിനും.
ഒഴിവു ദിനങ്ങളിലുള്ള ആലസ്യം പലപ്പോഴും മനസ്സിനെ ആഹ്ളാദചിത്തമാക്കുമെങ്കിലും ഋതുഭേദങ്ങളിലെ വ്യതിയാനങ്ങള്‍ അവളെ ചിന്തകളുടെ ലോകത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോവുക പതിവായിരിക്കുന്നു. അപ്പോള്‍ അവള് ചിന്തിക്കുന്നതും മറ്റൊന്നായിരുന്നില്ല. അലസമായ ദിനങ്ങളില്‍ മനസ്സും അലസമാകാറുണ്ട്.അലസമായ മനസ്സില്‍ ചെകുത്താന് കുടിയേറുമ്പോള്‍ ഒഴിവുദിനങ്ങളേക്കാള് എത്രയോ ഭേദമാണ് തിരക്കു പിടിച്ച പ്രവര്‍ത്തി ദിനങ്ങളെന്ന് അവള് ഓര്‍ത്തു പോകാറുണ്ട് . തനിക്ക് മാത്രമായിരിക്കാം അല്ലെങ്കില്‍ തന്നെപ്പോലെയുള്ളവര്‍ക്ക് മാത്രമായിരിയ്ക്കാം ഒഴിനു ദിനങ്ങള്‍ വിരസങ്ങളായി മാറുന്നത്.
ശരിയാണ്. കൂട്ടും കുടുംബവുമുള്ളവരെല്ലാം ആഗ്രഹിക്കുന്നതും അതാണ്. ഒഴിവ്ദിനങ്ങളുടെ എണ്ണം കൂട്ടിക്കിട്ടിയിരുന്നെങ്കില്‍ അല്ലെങ്കില്‍ പ്രവൃത്തിദിനങ്ങളും ഒഴിദിനങ്ങളും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചു കൂടായ്കയില്ല. അവളും ഒരു ഭാര്യയായിരുന്നുവെങ്കില്‍, ഭര്‍ത്താവിന്റെയും കുട്ടികളുടെയും സാമീപ്യം ഉള്ളവളായിരുന്നുവെങ്കില്
തീര്‍ച്ചയായും അവളും അങ്ങനെ ആഗ്രഹിച്ചു പോകുമായിരുന്നു. . പക്ഷേ അവളിന്ന് അതില്‍ നിന്ന് മോചിതയാപ്പെട്ടവളാണ്.......
എന്നിരുന്നാലും അവളെന്നും ആദര്‍ശവാദിയായിരുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് ആദര്‍ശങ്ങളെ ബലി കഴിയ്ക്കാന്‍ അവള്‍ക്കാകുമായിരുന്നില്ല. അവള് തീനാളം പോലെ സംശുദ്ധയായിരുന്നു.
മെഴുകുതിരിയെപ്പോലെ ഉരുകിയൊലിച്ച് പ്രകാശം പരത്തിയിരുന്നു.. തിന്മകളെ ചാരമാക്കാന്‍ അതിനെതിരെ പ്രതികരിക്കാന്‍ മനസ്സ് വെമ്പല്‍ കൊണ്ടിരുന്നു. ആത്മാര്ത്ഥയില്ലായ്മയെും അതിമോഹത്തെയും സ്വാര്‍ത്ഥതയെയും കുറിച്ച് വിലപിച്ചിരുന്നു. ആത്മവഞ്ചകരുടെ നേരെലോകത്തുള്ല എല്ലാ പീഡിതരുടെും ശബ്ദം അവളില്‍ മുഴങ്ങി ക്കേട്ടിരുന്നു.
പക്ഷേ ഇതൊന്നും ആരും അറിഞ്ഞിരുന്നില്ല. അഥവാ അറിഞ്ഞിട്ടും അറിഞ്ഞില്ലായെന്ന് നടിച്ചു. അവളുടെ മനസ്സും അവളുടെ വികാരങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും എല്ലാം കുഴിച്ചു മൂടി ചാരമാക്കി നിമജ്ജനം ചെയ്യുകയായിരുന്നു എല്ലാവരും. അവളാരോടും പരിഭവിച്ചില്ല.
ആരുടെയും സഹതാപത്തിനായി കാത്തിരുന്നുമില്ല.
പക്ഷേ. ഇന്ന് അവള്‍ക്ക് നിയന്ത്രിയ്ക്കാനായില്ല. അനളുടെ കണ്ണുകളിലെ തിളക്കം കെട്ടിരുന്നു. മുഖത്തെ പ്രസാദം മാഞ്ഞു. കവിളിലൂടെ ചാലിട്ടൊഴുകിയ കണ്ണുനീര്‍ത്തുള്ളികള്‍ പളുങ്കു മണികളായി കഴുത്തിലേയ്ക്ക് ഉരുണ്ടു വീണു. വര്‍ഷകാല ഋതുക്കളില്‍ പുരുഷന്റെ സാന്ത്വനസ്പര്‍ശം അവളാഗ്രഹിച്ചു. തനിയ്ക്ക് അന്യമായ ആ സ്പര്‍ശത്തിന്റെ, ആ തലോടലിന്റെ സുഖത്തെക്കുറിച്ചോര്ത്തു.
സ്വാസ്ഥ്യമല്ലാതെ വന്ന സന്ദര്‍ഭത്തില്‍ അവള് അവളുടെ സുഹൃത്തിനെ ഫോണില്‍ വിളിച്ചു. തന്റെ ജീവിതത്തെക്കുറിച്ചറിയാവുന്ന, തന്റെ മനസ്സറിയാവുന്ന തന്റെ മനസ്സിന്റെ വ്യാപരങ്ങളെക്കുറിച്ചറിയാവുന്ന
തന്റെ ആണ്‍സുഹൃത്തിനെ.
അന്നവള്‍ ആദ്യമായി അയാളോട് ഒരിക്കലും ചിന്തിച്ചു കൂടാത്ത ഒരു കാര്യം പറഞ്ഞു.
" ഈ ഏകാന്തത എന്നെ മടുപ്പിക്കുന്നു. നമുക്ക് എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ? തിരിച്ച് ഈ നാട്ടിലേയ്ക്ക് വരാത്ത വണ്ണം"
ഒരിയ്ക്കലും അയാളോട് അങ്ങനെ ചോദിയ്ക്കാന്‍ അവള് ആഗ്രഹിച്ചിട്ടില്ല. താന്‍ കാരണം അയാളുടെ കുടുംബത്തിന് ഒരു പോറലും ഏല്ക്കാന് പാടില്ല, മാത്രവുമല്ല തന്നെ പ്രതി ആ സുഹൃത്തിന്റെ സന്തോഷവും നഷ്ടപ്പടരുത്. അതവള്‍ക്ക് നിര്‍ബന്ധവുമായിരുന്നു.
വിധേയത്വ മൂല്യങ്ങളില്‍ നിലനില്‍ക്കുന്ന കുടുംബബന്ധങ്ങളുടെ ബന്ധനത്തില്‍ മനുഷ്യജീവിതം ക്രമപ്പെടുത്തിയിരിക്കുന്നു. ആ ബന്ധനത്തില്‍ പരാധീനതകള്‍ ഏറെയുണ്ടെങ്കിലും അതുമായി പൊരുത്തപ്പെട്ടുപ്പോകുവാന് തന്നെയാണ് എല്ലാവരും ശ്രമിക്കുന്നതും ശമിച്ചുകൊണ്ടിരിക്കുന്നതും. അതിനെ മാറ്റിമറിക്കാന്‍ അവള് തയ്യാറാകില്ല എന്ന കാര്യം അയാള്‍ക്കറിയാമായിരുന്നിട്ടും അവളുടെ ചോദ്യത്തിന് പെട്ടെന്ന് ഒരു ഉത്തരം പറയാന്‍ അയാള്‍ക്കായില്ല.
എവിടെന്നൊക്കെയോ തേടിപ്പടിച്ചെടുത്ത ധൈര്യത്തോടെ അവളെ ആശ്വസിപ്പിക്കാന്‍ വേണ്ടി അയാള്‍ പറഞ്ഞു.
" നിന്നെ ഞാന്‍ മനസ്സിലാക്കുന്നു. നിന്നെ ഞാന്‍ മനസ്സിലാക്കിയപോലെ ലോകത്ത് വേറൊറാളും ഉണ്ടാവില്ലാന്നും എനിയ്ക്കറിയാം.. പക്ഷേ എനിയ്ക്ക് കുറച്ച് സാവകാശം തരണം എനിയ്ക്കൊരു തീരുമാനമെടുക്കാന്‍..
കുറച്ചു കൂടി ക്ഷമിയ്ക്കൂ....."
അവളൊരു മറുപടിയ്ക്ക് അര്ഹയല്ലായെങ്കിലും അയാളുടെ ആ
വാക്കുകള്‍ മനസ്സില്‍ ഒരു ആശ്വാസത്തിന്റെ നനുത്ത സ്പര്‍ശം പോലെ, ഒരു വെള്ളരിപ്രാവിന്റെ ചിറകടിയൊച്ച പോലെ കുളിരു വീശി. അവള് കണ്ണുകളടച്ച് ചരിഞ്ഞു കിടന്നു.ആ കണ്‍കോണുകളില്‍ നിന്നും കണ്ണുനീര്‍ത്തുള്ളികള്‍ ഗോളം പോലെ തലയണയില്‍ ഉരുണ്ടു വീണു തിളങ്ങി. അപ്പോഴും ജനാലകളില്‍ വിയര്‍പ്പു മുത്തുകള്‍ പോലെ ചെറുകുമിളകള്‍ പറ്റിപ്പിടിച്ചിരുന്നു.................
കഥ നന്നായി. എങ്കിലും എന്തോ ഇത്രയും വലിച്ചു നീട്ടേണ്ടിയിരുന്നില്ല എന്നു തോന്നി. ആശംസകള്‍
ReplyDeleteപ്രകൃതി വര്‍ണന അല്പം കൂടിപ്പോയി. ഒന്ന് ഒതുക്കി പറയാമായിരുന്നു.
ReplyDelete