സൂര്യന്റെ കിരണങ്ങള്‍ വലുതായി പ്രശോഭിക്കുന്നില്ലെങ്കിലും പുറത്ത് ചൂടിന് കാഠിന്യമേറിയിരുന്നു. പുറത്തെ കാഴ്ചകള്‍ കണ്ട് അവള് കാറില്‍ത്തന്നെ ഇരുന്നു. ആവശ്യങ്ങള്‍ കഴിഞ്ഞ് ഭര്‍ത്താവ് തിരിച്ചു വരുന്നതുവരെ താന്‍ കാറില്‍ത്തന്നെ ഇരിക്കേണ്ടതുണ്ട്.ചൂടിന്റെ കാഠിന്യം ഏറുന്തോറും മനസ്സിലെ ആശങ്കകള്‍ക്കും അസ്വസ്ഥതകള്‍ക്കും ആക്കമേറി.
കൈയ്യിലിരുന്ന മാഗസിന് വെറുതെ മറിച്ചു നോക്കി. പ്രകൃതി സൗന്ദര്യം അതേപടി ഒപ്പിയെടുത്ത ക്യാമറക്കണ്ണുകളുടെ വിസ്മയം ആ മാഗസിന്റെ ഓരോ താളുകളിലും പ്രകടമായിരുന്നു. മാഗസിനിലെ കാഴ്ചകളും കണ്ടു മടുത്തു. അസ്വസ്ഥതകളുടെ മറ നീക്കി വീണ്ടും പുറത്തെ കാ ഴ്ചകളിലേ-
യ്ക്കെത്തി.
പുറത്തെ വാഹനത്തിരക്കില്‍ നിന്നും മാറി ഒരിടത്ത് ഒരു വൃദ്ധ
നില്ക്കന്നതവള് കണ്ടു. അവര്‍ അവിടെ എന്തു ചെയ്യുകയാവും എന്നറിയാനുള്ള ജിജ്ഞാസയായിരുന്നു പിന്നീടവള്‍ക്ക്. കൈവശമുണ്ടായിരുന്ന തന്റെ തോള് സഞ്ചി താഴെ വച്ചു. തന്റെ ഉടുമുണ്ട് ഒന്നു കൂടി അഴിച്ചുടുത്തു. അടിയില്‍ അതുപോലെ വേറൊരു മുണ്ടും ധരിച്ചിരുന്നു. . തലയില്‍ ഒരു തോര്‍ത്ത് കെട്ടിയിട്ടുണ്ട്. സഞ്ചിയില്‍ നിന്നും വേറൊരു തോര്‍ത്തും കൂടി എടുത്ത് പുറത്ത് വച്ചു. ദാരിദ്ര്യത്തിന്റെ മാറാപ്പായ സഞ്ചി മുഴുവനും പഴന്തുണികളായിരിക്കുമോ?
മണ്ണില്‍ പുതഞ്ഞുകിടന്ന ഒരു ചെറിയ പടല പഴത്തിലേയ്ക്ക് അവരുടെ കണ്ണുകള്‍ ചെന്നു പെട്ടു. മനസ്സില്‍ പ്രതീക്ഷയുടെ തിളക്കം പൊട്ടിമുളക്കുന്നത് അവള് ആ കണ്ണുകളില്‍ കണ്ടു. എങ്ങുനിന്നോ കിട്ടിയേക്കാവുന്ന ആഹാരത്തിന്റെ അവശിഷ്ടങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടുള്ള കണ്ണുകളുടെ പരക്കം പാച്ചില്‍.
അവര്‍ ആ പഴമെടുത്ത് തിരിച്ചും മറിച്ചും നോക്കി. അല്പം മണ്ണ് പറ്റിയിട്ടുണ്ടെന്നേയുള്ളൂ. അത് അവിടെ എങ്ങനെ വന്നതാവാം എന്നുള്ള അമ്പരപ്പോടെ മുന്നോട്ടു നോക്കിയപ്പോള്‍ അവിടെ ഒരു പഴക്കട ഉണ്ടെന്ന് കണ്ടു. അവിടെ നിന്ന്ആരെങ്കിലും ഉപേക്ഷിച്ച് വലിച്ചെറിഞ്ഞതാവാം....
മണ്ണ് തുടച്ച് പഴങ്ങള്‍ സഞ്ചിയില്‍ നിക്ഷേപിച്ചു. നേരത്തേ പുറത്തെടുത്ത് വച്ചിരുന്ന തോര്‍ത്ത് ഒന്നു കൂടി കുടഞ്ഞെടുത്ത് തന്റെ അരയ്ക്ക് മേലെ മാറാപ്പു പോലെ കെട്ടി. നടക്കാന്‍ ഒരു ബലം കിട്ടുക എന്ന ഉദ്ദേശത്തോടുകൂടിയാവാം ആ തോര്‍ത്ത് അങ്ങനെ കെട്ടിയതെന്ന് അവള് ഊഹിച്ചു.
അതിലൂടെ കൈവന്ന ബലത്തോടെ തന്റെ തോള് സഞ്ചിയുമെടുത്ത്
ആ വൃദ്ധ യാത്രയായി. ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്നും വീട്ടില്‍ കാത്തിരിക്കുന്ന അനാഥ ക്കുട്ടികള്‍ക്ക് അതത്യാവശ്യവുമാണെന്ന രീതിയില്‍
ആ വൃദ്ധ തന്റെ ലക്ഷ്യസ്ഥാനം തേടി യാത്രയായി............
വീണ്ടും അവളുടെ മനസ്സ് അസ്വസ്ഥതയുടെ പടവുകള്‍ താണ്ടാന്‍ തുടങ്ങി. ഭര്‍ത്താവ് ഇതുവരെയും മടങ്ങി വന്നിട്ടില്ല. ഇനിയും എത്ര നേരം കൂടി കാത്തിരിയ്ക്കേണ്ടി വരും.?...
അവള് കാറിന്റെ പിന്‍സീറ്റിലേയ്ക്ക് കണ്ണുമടച്ച് ചാരിക്കിടന്നു. മനസ്സില്‍ ആ വൃദ്ധയുടെ രൂപവും പ്രവര്‍ത്തികളുമായിരുന്നു. ഇത്രയും സമ്പന്നതയും സൗഭാഗ്യങ്ങളുമുള്ള താന്‍ കുറച്ച് നേരം കാത്തരിക്കുന്നതിന് കാണിക്കുന്ന അക്ഷമയും അസഹിഷ്ണുതയും അസ്വാസ്ഥ്യവുമെല്ലാം കൊടിയ ദാരിദ്ര്യത്തിന്റെ അടിപ്പലക കണ്ട ഈ വൃദ്ധയുടെ മുന്നില്‍ വെറം നിസ്സാരങ്ങളല്ലേ?
കാറിന്റെ ഡോര്‍ തുറക്കുന്ന ശബ്ദം കേട്ടാണ് അവള് ചിന്തയില്‍ നിന്നുണര്‍ന്നത്. ഭര്‍ത്താവിന്റെ മുന്നില്‍ കാത്തിരുന്നതിന്റെ മടുപ്പോ മുഷിപ്പോ ഒന്നും അവള് പ്രകടിപ്പിക്കാന്‍ മുതിര്‍ന്നതുമില്ല.
വീട്ടിലെത്തിയിട്ടും ആ വൃദ്ധയെക്കുറിച്ചുള്ള ചിന്ത മനസ്സിനെ അലട്ടാതിരുന്നില്ല . പതിവ് കാര്യങ്ങളില്‍ വ്യാപൃതയായപ്പോള്‍ അവളത് മറന്നു.
എന്നും പതിവ് പോലെയുള്ള പത്രവായനക്കിടയില്‍ നാട്ടു വര്‍ത്തമാനത്തിലെ ഒരു വാര്‍ത്തയില്‍ മനസ്സുടക്കി നിന്നു. വൃദ്ധയും കൊച്ചുമക്കളും വിഷം ഉള്ളില്‍ ചെന്നു മരിച്ചു എന്ന വാര്‍ത്തയ്ക്ക് താഴെ ഒരു വൃദ്ധയുടെയും രണ്ട് പെണ്‍കുട്ടികളുടെയും ഫോട്ടോ.
അവള് വൃദ്ധയുടെ ഫോട്ടോയിലേയ്ക്ക് സൂക്ഷിച്ചു നോക്കി.
ഇന്നലെ താന്‍ കണ്ട വൃദ്ധയുടെ ഫോട്ടോ അല്ലേ ഇത്? അതെ! സംശയമില്ല.
വിഷാംശം ഉള്ള പഴം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് . അപ്പോള്‍ അവിടെ നിന്ന് അവര്‍ എടുത്തു കൊണ്ടു പോയ പഴം വിഷമുള്ളതായിരുന്നോ?. എലിയെ നശിപ്പിക്കാന്‍ വേണ്ടി കടക്കാരന് കീടനാശിനി പുരട്ടി വച്ചിരുന്ന പഴമായിരുന്നു അതെന്ന് പിന്നീടാണ് അറിയാന്‍ കഴിഞ്ഞത്.
മനസ്സില്‍ വിഷാദം കൂടുകൂട്ടി ചേക്കറാന്‍ തുടങ്ങി. ഒരു നേരത്തെ വിശപ്പടക്കാന്‍ വേണ്ടി തേടിപ്പിടിച്ച ആഹാരം വിശപ്പിന്റെ അവസാനത്തെ അപ്പക്കഷണമായിരുന്നുവെന്ന് ആ വൃദ്ധ അറിഞ്ഞിരുന്നുവെങ്കില്‍!..................... .......
മനോഹരമായി പറഞ്ഞിരിക്കുന്നു
ReplyDelete