മലനിരകളില്‍ ശക്തിയായ കാറ്റ് അടിച്ചു വീശി. ഐസിന്‍റെ ശരങ്ങള്‍ പോലെ അവ മുഖത്തും ശരീരത്തിലും തുളച്ചു കയറി. കൈകള്‍ രണ്ടും ചേര്‍ത്തു പിടിച്ച് അരുണ്‍ തന്‍റെ വാക്കിംഗ് സ്റ്റിക്ക് മെല്ലെ മുന്നോട്ട് ചലിപ്പിച്ച് ദിശ മനസ്സിലാക്കി നടന്നു നീങ്ങി. ലക്ഷ്യബോധമില്ലാതെ നടന്ന്....നടന്ന്.............
ചിന്തകള്‍ വേട്ടപ്പട്ടിയെ പ്പോലെ മനസ്സിനെ പിന്‍തുടര്‍ന്നു കൊണ്ടിരുന്നു. ദുഃഖമഗ്നതയുടെ ചുഴികളില്‍ പതുക്കെ കറങ്ങിത്തിരിയുന്ന മനസ്സിനെ നിയന്ത്രിക്കാനെന്നവണ്ണം എവിടെയെങ്കിലും ഒന്ന് വിശ്രമിയ്ക്കാന്‍
തോന്നി അരുണിന്.
ഇലകളില്‍ തട്ടിയ കാറ്റിന്‍റെ മര്‍മ്മരശബ്ദം കേട്ടപ്പോള്‍ സമീപത്ത് ആല്‍മരമുണ്ടെന്ന് അരുണിന് മനസ്സിലായി. ഒരു മരത്തണല്‍ കണ്ടുപിടിച്ച് അതിന്‍ ചുവട്ടില്‍ വിശ്രമിക്കാന്‍ ജന്മന് അന്ധനായ തനിക്കാവില്ലല്ലോ? തന്‍റെ വാക്കിംഗ് സ്റ്റിക്ക് കൊണ്ട് തട്ടിപ്പോള്‍ അത് ആല്‍മരത്തിന്‍റെ ബലിഷ്ഠമായ കാണ്ഡമാണെന്ന് മനസ്സിലാക്കി അതിന്‍റെ ചുവട്ടില്‍ ചാരിയിരുന്നു. അരയാലിലകളില്‍ കാറ്റ് പതിഞ്ഞു വീശി. ഈ ഉച്ചത്തണലിലെവിടെയോ അരുണിന്‍റെ ഓര്‍മ്മകള്‍ തുടങ്ങുന്നു.
കുട്ടിക്കാലം!
ചേച്ചിയുടെയും ചേട്ടന്‍റെയും സഹായത്തോടെ സ്കൂളില്‍ ചെല്ലുമ്പോള്‍ ടീച്ചര്‍മാര്‍ പറയുന്നത് കേട്ടു നിന്നിട്ടുണ്ട്. അരുണിനെ ഈ സ്കൂളില്‍ പഠിപ്പിക്കുന്നതിനേക്കാള്‍ നല്ലത് അന്ധവിദ്യാലയത്തില്‍ പഠിപ്പിക്കുന്നതാ. ഇവിടെയായാല്‍ വൈകല്യമില്ലാത്ത കുട്ടികളെ പഠിപ്പിക്കുന്ന രീതിയില്‍ പഠിപ്പിച്ചാല്‍ ഒന്നും പഠിയ്ക്കാന്‍ കഴിയില്ല. അവിടെയാകുമ്പോള്‍ നല്ല പരിശീലനം ലഭിച്ച അധ്യാപകരാവും ഉണ്ടാവുക.
അച്ഛനും അതേ അഭിപ്രായത്തോട് യോജിച്ചു.അമ്മയ്ക്ക്
അത് സ്വീകാര്യമായിരുന്നുവെങ്കിലും അവനെ പിരിഞ്ഞിരിക്കുന്ന കാര്യം ഓര്‍ത്തപ്പോള്‍ പഠിച്ചില്ലെങ്കിലും വേണ്ടില്ല എന്‍റെ കുട്ടി എന്‍റെ കണ്‍വെട്ടത്തു തന്നെ ഉണ്ടാവുമല്ലോ എന്നോര്‍ത്ത് ആ തീരുമാനത്തില്‍ നിന്നും പിന്‍മാറി.
പക്ഷേ അച്ഛന്‍, ഭാവിയിനല്‍ തന്‍റെ മകനുണ്ടായേക്കാവുന്ന നേട്ടങ്ങളെക്കുറിച്ചും അവന്‍റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള പരിതാപവും കൂടിയായപ്പോള്‍ മനസ്സില്ലാമനസ്സോടെയാണെങ്കിലും അമ്മയും
സമ്മതിച്ചു.
അമ്മ വായിച്ചു തന്ന കഥകളിലെ ഒരു കുഞ്ഞു നക്ഷത്രമായി അവന്‍റെ ഓര്‍മ്മകള്‍ മിന്നിത്തിളങ്ങി. അങ്ങനെ അന്ധവിദ്യാലയത്തിലേയ്ക്ക അവനും പറിച്ചു നടപ്പെട്ടു.
അവിടത്തെ സഹപാഠികള്‍ക്കൊപ്പം അവിടത്തെ ടീച്ചര്‍മാര്‍ക്കൊപ്പം ജീവിതം കഴിച്ചുകൂട്ടുമ്പോഴും അവനോര്‍ക്കും നിലാവുള്ള രാത്രികളില്‍ അമ്മയുടെ മടിയില്‍ തല വച്ച് കിടക്കുമ്പോള്‍ അമ്മ
ചോദിക്കുന്നത്.
"എന്‍റെ കുട്ടാ, അമ്മയുടെ ചക്കരകുട്ടന് ഈ അമ്പിളിമാമന്‍റെ വെട്ടം
കാണാന്‍ കഴിയോ?
"കണ്ണു കാണാന്‍ കഴിയാത്ത എനിക്കെങ്ങനെ അമ്മേ അമ്പിളി മാമന്‍റെ വെട്ടം കാണാന്‍ കഴിയ?
"അമ്മ ഒരു കാര്യം ചോദിക്കട്ടെ! നമുക്ക നമ്മുടെ മനസ്സ് കണ്ണ് കൊണ്ട് കാണാന്‍ കഴിയോ?
ഇല്ലല്ലോ?അമ്മയ്ക്ക് കാണാന്‍ കഴിയോ?
"ഇല്ല, അമ്മയ്ക്കും കഴിയില്ല. പക്ഷേ കണ്ണു കൊണ്ട് കാണാന്‍ കഴിഞ്ഞില്ലെങ്കിലും അതിന്‍റെ വെട്ടം നമുക്കറിയാം. നന്മയുള്ളവരുടെ മനസ്സിന് നല്ല വെട്ടമാണ്.അതുപോലെയാണ് അമ്പിളിമാമന്‍റെ വെട്ടവും.
അരുണ്‍ ചിന്തിച്ചു. തന്‍റെ മനസ്സും അമ്പിളിമാമന്‍റെ വെട്ടം പോലെ നിര്‍മ്മലമാണ്. മനസ്സില്‍ നന്മയുള്ളവര്‍ക്കേ എല്ലാം വെളിച്ചമായിത്തോന്നൂ
ഇപ്പോള്‍ താന്‍ തന്‍റെ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് നല്ലൊരു യുവാവായിത്തീര്‍ന്നിരിക്കുന്നു. തന്‍റെ സൗന്ദര്യം, തന്‍റെ യുവത്വം എല്ലാം കാണാന്‍ തനിക്ക് കഴിയുന്നില്ലല്ലോ? അമ്മയുണ്ടായിരുന്നുവെങ്കില്‍ അതിനെക്കുറിച്ച് വര്‍ണ്ണിച്ച് പറഞ്ഞു തരുമായിരുന്നു.
അവന്‍ വീണ്ടും വീണ്ടും ഓര്‍ത്തു. ആകാശത്തിന്‍റെ നീലിമയെക്കുറിച്ച്, അന്തിക്കതിരവന്‍റെ ചെങ്കതിര്‍ നിറത്തെക്കുറിച്ച്, വെള്ളരിപ്രാവുകളെപ്പോലെ നീങ്ങി മറ.യുന്ന മേഘശകലങ്ങളെക്കുറിച്ച്, കടലിന്‍റെ അഗാധ നീലിമയെക്കുറിച്ച്, പാല്‍ നുരയുന്ന തിരമാലകളെക്കുറിച്ച് എല്ലാം അവന്‍റെ മനക്കണ്ണില്‍ സ്ഫടിക മുത്തുകള്‍ കോര്‍ത്തെടുത്ത മാല പോലെ ഓരോന്നോരോന്നായി തെളിഞ്ഞു വന്നു.
പുറത്ത് വേനലും മഞ്ഞും പുല്ലും പൂക്കളും പുനര്‍ജനിക്കുന്നു.
ഖേദമില്ലാതെ ആസക്തിയില്ലാതെ ആവര്‍ത്തിക്കുന്നു.
പക്ഷേ തന്‍റെ മനസ്സില്‍ മാത്രം ഒരു ആവര്‍ത്തനം, ഒരു പുനര്‍ജനി ഒന്നുമില്ലാതെ ശൂന്യമാകുന്നതെന്തേ? പഠിച്ചു മിടുക്കനായി ഉയര്‍ന്ന ഉദ്യോഗത്തിലിരുന്നിട്ടു കൂടി ഓര്‍മ്മകളുടെ ജരയും നരയും തന്നെ ഇപ്പോഴും തളര്‍ത്തുന്നുവോ?
എങ്ങനെ തളരാതിരിക്കും?
കഴിഞ്ഞ ദിവസം തന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ ഭാഗമായി ഒരു ഓഫീസിലേയ്ക്ക് കടന്നു ചെന്നപ്പോള്‍ തനിക്കുണ്ടായ അനുഭവം തളര്‍ത്തുന്ന ഒന്നായിരുന്നല്ലോ?
എവിടെയും എപ്പോഴും കൃത്യനിഷ്ഠ പാലിക്കുന്ന താന്‍ അന്ന് പോകേണ്ട ഓഫീസിലും കൃത്യ സമയത്തു തന്നെ എത്തി. കൃത്യനിഷ്ഠയില്‍
വാര്‍ദ്ധക്യം ബാധിച്ച ഓഫീസില്‍ ജീവനക്കാരായി എത്തിയിട്ടുണ്ടായിരുന്നത്
ഒരാള്‍ മാത്രം.!
തന്നെക്കണ്ടപ്പോള്‍ പിരിവിനാണെങ്കില്‍ കുറച്ച് കഴിഞ്ഞ് വരൂ, സ്റാഫുകളാരും എത്തിയിട്ടില്ലെന്ന മറുപടിയും.
നിജസ്ഥിതി അറിഞ്ഞപ്പോള്‍ സ്റ്റാഫിനുണ്ടായ മനസ്താപം അനുഭവിച്ചറിഞ്ഞെങ്കിലും മനസ്സില്‍ നേരിയ വിങ്ങലനുഭവപ്പെട്ടു.
അരുണ്‍ വീണ്ടും എന്തൊക്കെയോ ഓര്‍മ്മിച്ചു. ഒന്നോ രണ്ടോ ഓരമ്മകളല്ല. കദനസ്വഭാവമുള്ള ഓര്‍മ്മകളുടെ മൂടല്‍ മഞ്ഞ് അവനെ പൊതിഞ്ഞു. വേദന പടര്‍ത്തുന്ന ഈ ഓര്‍മ്മകള്‍ അവസാനിപ്പിക്കുന്നതല്ലേ നല്ലത്.
അവന്‍ വീണ്ടും ഒരു പുനര്‍ചിന്തനത്തിന് വിധേയനായി. ഓര്‍മ്മകള്‍ നമുക്ക് സങ്കടങ്ങള്‍ തന്നേക്കാം. പക്ഷേ , ജീവിതം ആസ്വാദ്യമാക്കാന്‍ നമ്മെ സഹായിക്കുന്നത് ചുറ്റുമുള്ള മനുഷ്യരും പ്രകൃതിയും ജീവജാലങ്ങളും എല്ലാം ചേര്‍ന്നാണ്. നമുക്കിവയോട് സ്നേഹവും ബഹുമാനവും ഉണ്ടാകണം. സമൂഹനന്‍മയ്ക്കായി എന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ എനിക്കും കര്‍മ്മം ചെയ്യണം. ത്യാഗവും ശുദ്ധിയും സ്നേഹവും ഒന്നുമില്ലാതെ മനുഷ്യന്‍റെ ജീവിതം തരിശായിമാറിപ്പോകുന്നത് ഇന്ദ്രിയങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി തന്നെത്തന്നെ തടിപ്പിക്കാന്‍ മനുഷ്യന്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്.
ഇല്ല, താനിനി ഇങ്ങനെയൊന്നും ചിന്തിക്കില്ല. പുഴയില്‍ ചാടി ആത്മഹത്യ ചെയ്യണമെങ്കിലും പുഴ കണ്ടെത്താനുള്ള കാഴ്ച തനിക്കില്ലല്ലോ?
വായിച്ചു കേട്ട വേദങ്ങളിലെയും ഉപനിഷത്തുകളിലെയും വാക്യങ്ങള്‍ തനിക്കിനിയും ജീവിക്കാന്‍ പ്രചോദനം നല്‍കുന്നവയാണ്.
ചെവിയുടെ ചെവിയായും കണ്ണിന്‍റെ കണ്ണായും മനസ്സിന്‍റെ മനസ്സായും പ്രാണന്‍റെ പ്രാണനായും വാക്കിന്‍റെ വാക്കായും ഒരു ശക്തിയുണ്ട്. അത് അറിയുന്നവന്‍ അമൃതത്വം പ്രാപിക്കുന്നു. ആ ചൈതന്യമാണ് മാത്രം മതി എനിക്കിനി.
അരുണ്‍ തന്‍റെ കര്‍മ്മത്തെക്കുറിച്ച് ചിന്തിച്ച് കൂടുതല്‍ ബോധവാനാകാന്‍ ശ്രമിച്ചു. ശക്തിയായ കാറ്റ് ഇളംതെന്നലിന് വഴിമാറി അരുണിനെ തഴുകിത്തലോടി കടന്നു പോയി................
No comments:
Post a Comment