ജാനുവിന്‍റെ വീടിന് കിഴക്ക് പുഴയാണ്. പുഴയിറങ്ങി അക്കരെ കടന്നു വേണം അവള്‍ക്ക് സകൂളില്‍ പോകാന്‍... മഴക്കാലത്ത് പുഴ നിറഞ്ഞു കവിയുമ്പോള്‍ വേറൊരു വഴിയില്‍ കൂടി വള്ളം അടുക്കുന്ന കടവില്‍ ചെന്ന് വള്ളത്തില്‍ കയറി വേണം അക്കരെ കടക്കുവാന്‍..
പുഴയില്‍ വെള്ളം നിറയുമ്പോള്‍, പുഴ മുറിച്ചു കടക്കാന്‍ പറ്റാതാകുമ്പോള്‍ മാത്രമാണ് കടവില്‍ വള്ളം ഇറക്കുക. വള്ളത്തില്‍ കയറാനുള്ല കൊതി കൊണ്ട് മഴ പെയ്ത് പുഴയില്‍ വെള്ലം നിറയണേയെന്ന് ജാനു പ്രാര്‍ത്ഥിക്കാറുമുണ്ട്. വള്ളം കരയോടടുപ്പിച്ച് നിറുത്തുമ്പോള്‍ കയറാന്‍ ലേശം ബുദ്ധിമുട്ട് അനുഭവപ്പെട്ടാലും അതില്‍ കയറിയിരുന്ന് അക്കരെയും ഇക്കരെയും കടക്കാന്‍ അവള്‍ക്ക് എന്തു രസമാണെന്നോ? ഇടയ്ക്ക് കുനിഞ്ഞ് പുഴയിലെ കലക്ക വെള്ളം കൈകളില്‍ കോരിയെടുത്ത് കണ്ണിണകളില്‍ കണി വയ്ക്കുന്നതും അവളുടെ പതിവായിരുന്നു. വള്ളത്തിന്‍റെ പടിയില്‍ ഇരിയ്ക്കാന്‍ സ്ഥലം കിട്ടിയാല്‍ താനാണ് വള്ലത്തിന്‍റെ ഉടമസ്ഥ എന്ന ഭാവത്തിലായിരിക്കും അവളുടെ ഇരുപ്പ്.വ ള്ളത്തില്‍ നില്‍ക്കുന്ന കൂട്ടുകാരികളുടെ റബ്ബര്‍ ബാന്‍റിട്ട് അടുക്കി വച്ച പുസ്തകങ്ങളും കുടയും വാങ്ങി മടിയില്‍ ചേര്‍ത്തു വയ്ക്കാനും അവള്‍ മടിക്കാറില്ല. കടവിലെത്തുമ്പോള്‍ തങ്ങളെ പുഞ്ചിരി കൊണ്ട് സ്വാഗതം ചെയ്യുന്ന കടത്തുകാരനെ അവളും കൂട്ടുകാരികളും പുഞ്ചിരി മാമനെന്ന ഓമന പേരിട്ടാണ് വിളിച്ചിരുന്നത്.
പുഴയില്‍ വെള്ളമിറങ്ങുമ്പോള്‍ പഴയതു പോലെ പുഴയിലിറങ്ങി അക്കരെ കടന്നാണ് യാത്ര ചെ്തിരുന്നത്. പാറക്കെട്ടുകളും
ഇലിപ്പക്കാടുകളും കടന്ന് കല്‍വിളക്കിന്‍റെ അരികിലൂടെ കഥകളും കാര്യങ്ങളും പറഞ്ഞ് തമാശ കൊണ്ട് ചിരിയുടെ മാലപ്പടക്കങ്ങളും തീര്‍ത്ത്
കിലോമീറ്ററുകള്‍ ദൂരമുള്ള സ്കൂളിലേയ്ക്ക് അവളും കൂട്ടുകാരികളും നടന്നു തന്നെയാണ് പോയിരുന്നത്.
മഞ്ഞും മഴയും ചൂടും തണുപ്പുമായി ഋതുചക്രം കറങ്ങിക്കൊണ്ടിരുന്നു. ഒരു ദിവസം തന്‍റെ ക്ളാസ്സില്‍ പഠിക്കുന്ന അനുവിനെ വിളിക്കാന്‍ കാറുമായി ബന്ധുക്കളിലൊരാളെത്തി.
എന്താണ് വിശേഷമെന്ന് ചോദിച്ച ടീച്ചറോട് വന്നയാള്‍ എന്തോ അടക്കം പറയുകയും അതനുസരിച്ച് അനുവിനോട് പുസ്തകവുമെടുത്ത് അയാളോടൊപ്പം പോകാന്‍ ടീച്ചര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കുട്ടികളെല്ലാം
തമ്മില്‍ തമ്മില്‍ അനുവിനെ വിളിച്ചു കൊണ്ട് പോയതെന്തിനാവുമെന്ന് ചര്‍ച്ച ചെയ്തെങ്കിലും ആര്‍ക്കും ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. ടീച്ചറോടു ചോദിക്കാനുള്ള ധൈര്യവും ആര്‍ക്കുമുണ്ടായിരുന്നതുമില്ല. എന്തായിലും നാളെ അനു വരുമ്പോള്‍ ചോദിച്ചു മനസ്സിലാക്കാം. അവര്‍ ആശ്വസിച്ചു.
സ്കൂള്‍ വിട്ടു. കൂട്ടുകാരോടൊപ്പം ജാനു വീട്ടിലേയ്ക്ക് മടങ്ങി. വയല്‍ വരമ്പും കഴിഞ്ഞുള്ള ഇടവഴി കഴിഞ്ഞാല്‍ വിശാലമായ തെങ്ങിന്‍
പുരയിടമാണ്. ഇടയ്ക്കിടെ മാവുകളും പുന്ന മരങ്ങളും. പുഴയുടെ കരയിലെ ഇലിപ്പക്കാടുകളേയും പുല്ലാന്നിക്കൂട്ടങ്ങളേയും വകഞ്ഞു മാറ്റി
അവര്‍ ഒറ്റയടിപ്പാതയിലൂടെ നടന്നുകൊണ്ടിരുന്നു. അപ്പോഴാണ് തെങ്ങിന്‍ പുരയിടത്തിലും മാവിന്‍ചോട്ടിലുമായി ആള്‍ക്കാര്‍ കൂടി നില്‍ക്കുന്നത് കണ്ടത്. ആരോ തൂങ്ങി മരിച്ചതായി ആളുകളുടെ സംസാരത്തില്‍ നിന്ന് അവര്‍ക്ക് ഊഹിക്കാന്‍ കഴിഞ്ഞു. പിന്നീടാണറിഞ്ഞത് അത് അനുവിന്‍റെ ഗല്‍ഫില്‍ നിന്നും വന്ന മാമനായിരുന്നുവെന്ന്. അപ്പോഴാണ് അനുവിനെ സ്കൂളില്‍ നിന്നും നേരത്തേ വിളിച്ചു കൊണ്ട് പോയതിന്‍റെ പൊരുള്‍ മനസ്സിലായത്.
മാവിന്‍കൊമ്പത്ത് തൂങ്ങി നില്‍ക്കുന്ന ആളെ കാണാനുള്ള ചങ്കുറപ്പോ കരുത്തോ ജാനുവിനോ കൂട്ടുകാര്‍ക്കോ ഉണ്ടായിരുന്നില്ല. ആ മാവിന്‍ചോട് കടന്നു വേണം അവര്‍ക്ക് പോകാന്‍.. അവര്‍ അതു കാണാതിരിയ്ക്കാന്‍ കല്‍വിളക്കിന്‍റെ പിറകിലൂടെ വഴുക്കലുളള പാറക്കല്ലുകളില്‍ ചവിട്ടി ഒരു വിധം ഇക്കരെയെത്തി.
ആ മരണത്തിന്‍റെ നിഗൂഢത ജാനുവിനെയും കൂട്ടുകാരെയും വല്ലാതെ ഭയപ്പെടുത്തി. പുഴക്കരയില്‍ കുളിക്കാന്‍ വന്ന സരസു ചേച്ചിയില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങളറിയാന്‍ കഴിഞ്ഞത്. അനുവിന്‍റെ മാമന്‍ മാത്രമായിരുന്നില്ല മരിച്ചത്! അയാളോടൊപ്പം ഒരു പെണ്ണും കൂടി തൂങ്ങി നില്‍പ്പുണ്ടായിരുന്നു. മാമന്‍റെ വീട്ടിലെ ജോലിക്കാരി!!
നീലനിറമാര്‍ന്ന ആകാശം പൊടുന്നനവേയാണ് കറുത്തത്. ചാറ്റലോടു കൂടി മഴയാരംഭിച്ചു. ജാനു ഓര്‍ത്തു നോക്കി. മഴവെള്ളത്തില്‍ നനഞ്ഞൊലിച്ച് തൂങ്ങിയാടുന്ന രണ്ട് ദേഹങ്ങള്‍!!!!! ഒരാണും ഒരു പെണ്ണും!!
അവള്‍ വായിച്ച ഒരു കഥയെക്കുറിച്ച് അപ്പോഴാണ് അവള്‍ക്കോര്‍മ്മ വന്നത്. രാത്രിയില്‍ വഴി തെറ്റിക്കുന്ന ദുര്‍മരണം സംഭവിച്ചവരുടെ ആത്മാക്കളെക്കുറിച്ച്. സമീപത്തു കൂടിപ്പോയാല്‍ ചാവൂറ്റി ദേഹത്തിന്‍റെ ഓജസ്സും തേജസ്സും നഷ്ടപ്പെടുത്തുന്ന ദുരാത്മാക്കളെ ക്കുറിച്ച്. ഓര്‍ത്തപ്പോള്‍ അവളുടെ ഭയം ഇരട്ടിച്ചു. സ്കൂളില്‍ പോകുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ അവള്‍ തളര്‍ന്നവശയായി.
എങ്കിലും സമാധാനിക്കാന്‍ ശ്രമിച്ചു. താന്‍ ഒറ്റയ്ക്കല്ലല്ലോ സ്കൂളിലേയ്ക്ക് പോകുന്നത്.
എന്നാലും അവളില്‍ നിന്നും ഭയം വിട്ടൊഴിഞ്ഞിരുന്നില്ല. ജാനുവിന്‍റെ മനസ്സില്‍ കുറെ നാളത്തേയ്ക്ക് ആ ഭയവും ഓര്‍മ്മകളും ഒരു വേട്ടപ്പട്ടിയെപ്പോലെ പിന്‍തുടര്‍ന്നു കൊണ്ടിരുന്നു.
എന്തിനാവും അനുവിന്‍റെ മാമനും ആ പെണ്ണും ആത്മഹത്യ ചെയ്തത്? പിന്നീട് അമ്മുവാണ് പറഞ്ഞത്. അവളുടെ അമ്മയോട് അടുത്ത വീട്ടിലെ ചേച്ചി പറയുന്നത് അവള്‍ ഒളിഞ്ഞു നിന്ന് കേട്ടതാണ്.
ഗല്‍ഫിലായിരുന്ന അനുവിന്‍റെ മാമനും അവരുടെ വീട്ടിലെ ജോലിക്കാരിയായിരുന്ന രാധയുമായി സ്നേഹത്തിലായിരുന്നു. ഗല്‍ഫില്‍ നിന്നു നാട്ടില്‍ വരുമ്പോള്‍ വിവാഹം കഴിക്കാമെന്ന് വാക്കും കൊടുത്തിരുന്നു. നാട്ടില്‍ വന്നപ്പോള്‍ അയാള്‍ ആ വിവരം വീട്ടുകാരെ അറിയിക്കുകയും അനുമതി തേടുകയും ചെയ്തു. .കേവലം ഒരു വേലക്കാരിപ്പെണ്ണിനെ വിവാഹം കഴിക്കാന്‍ അയാളുടെ വീട്ടുകാര്‍ സമ്മതിച്ചില്ലെന്നു മാത്രമല്ല അവളെ അവിടെ നിന്ന് പറഞ്ഞു വിടുകയും ചെയ്തു. എന്നാല്‍ അവളെയല്ലാതെ വേറൊരു വിവാഹം കഴിയ്ക്കാന്‍ തനിക്കാവില്ലെന്നും അവളില്ലാത്ത വീട്ടില്‍ താനുമുണ്ടാവില്ല എന്നു പറഞ്ഞ്
അയാളും വീടു വിട്ടിറങ്ങുകയാണുണ്ടായത്.
രാധയെ അന്വേഷിച്ച് അയാള്‍ അവളുടെ വീട്ടില്‍ ചെന്നെങ്കിലും അവള്‍ അവിടെ എത്തിയിട്ടില്ലെന്നാണറിയാന്‍ കഴിഞ്ഞത്. അവള്‍ എവിടെയാണെന്നറിയാതെ വിഷമിച്ച് പുഴക്കരയിലേക്ക് നടക്കുന്നതിനിടയിലാണ് മാവില്‍ തൂങ്ങിയാടുന്ന അവളുടെ ചലനമറ്റ ശരീരം
കണ്ടത്! പിന്നെ മറ്റൊന്നും ആലോചിക്കാന്‍ അയാള്‍ക്കുണ്ടായിരുന്നില്ല. അതേ കൊമ്പില്‍ തന്നെ അയാളും ജീവിതം അവസാനിപ്പിച്ചു.
"ഒറ്റക്കൊമ്പില്‍ ഇരട്ടത്തൂക്കം"!!
പിന്നീടുള്ള പല രാത്രികളിലും പുഴക്കരയില്‍ താമസിക്കുന്ന വീട്ടുകാര്‍ക്ക് അവരുടെ ദീനവിലാപങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ്
കേട്ടറിവ്.
പ്രണയസാഫല്യമടയാതെ നുറുങ്ങിയ മനസ്സുകളുടെ വിങ്ങലാവാം ആ ദീനവിലാപങ്ങള്‍ എന്ന് ജാനുവിനോ അമ്മുവിനോ അവളുടെ മറ്റു കൂട്ടുകാരികള്‍ക്കോ മനസ്സിലായിക്കാണുമോ ആവോ?..............
നല്ല ഭാവന. ആശംസകള്‍. വീണ്ടും എഴുതുക.
ReplyDeletehttp://drpmalankot0.blogspot.com
അനുവിനെ സ്കൂളില് നിന്നു വിളിച്ചുകൊണ്ടു പോയത് വായിച്ചപ്പോള് ആദ്യമെന്ന് തെറ്റിദ്ധരിച്ചു...പിന്നീടത് മാറി
ReplyDeleteകഥ വായിച്ചു നന്നായിട്ടുണ്ട് .ആശംസകള്‍
ReplyDelete