Tuesday, 16 October 2012

ഇന്നിന്‍റെ അമ്മ


അറിയുക, ഇന്നെന്നെ ഞാനുമൊരമ്മ
ത്യാഗത്തിന്‍ കൊടുമുടിയിലും
ധീരത തന്‍ വിരിമാറിലും
സ്നേഹത്തിന്‍ പൂഞ്ചോലയിലും
വാത്സല്യത്തിന്‍  പൂംതണലിലും
സഹനത്തിന്‍ വഴിത്താരയിലും
വീറോടെ  കത്തി നില്‍ക്കും
ഞാനും     ഇന്നിന്‍റെ ഒരമ്മ
   നന്ദികേടും  ക്രൂരതയും പകരം വീട്ടാന്‍
മുലപ്പാല്‍ ചുരത്തുന്ന ഭാഗ്യഹീനയോ?
ജീവന്‍റെ ശ്വാസം ഊതിക്കൊടുത്ത്
ചൈതന്യ ബിന്ദുക്കള്‍  ഇറ്റിറ്റു വീഴ്ത്തി
വളര്‍ത്താന്‍ മാത്രമോ ഒരമ്മ.
          ആരോഗ്യം നശിച്ചിട്ടു ജീവിതം  ശുഷ്ക്കിച്ചുമരണം വരിക്കേണ്ടവളോ?
കൂരിരുള്‍ തിങ്ങിയ കാളരാത്രികളെ അജ്ഞതയില്‍
ബന്ധിച്ചു നിര്‍ത്തേണ്ടവളോ?
മനമുരുകി തീര്‍ക്കേണ്ടവളോ?
ഇന്നിന്‍റെ ഒരമ്മ
                 അല്ലലില്‍ തനിച്ചാകയാല്‍ ആത്മഹത്യയില്‍
അഭയം തേടുന്ന  അബലയോ അനാഥയോ?
അതിശാന്തമാം ഗാഢമൂകത ചിറകടിച്ചെത്തുമ്പോള്‍
ഇടറി വീഴേണ്ടവളോ ഇന്നിന്‍റെ അമ്മ,
കല്പാന്ത കാലത്തോളം കണ്ണുനീരിന്‍റുപ്പും
കൈമുതലായി ഒരു നോവിന്‍റെ  സുഖവും
മറക്കാനാകാത്ത വേപഥു തന്‍ ചാരത്തില്‍
നിന്നുയിര്‍ത്തെഴുന്നേല്‍ക്കും
ഫീനിക്സ് പക്ഷിയെപ്പോല്‍ ഇന്നിന്‍റെ  അമ്മ
മോഹപ്രതീക്ഷകള്‍ തന്‍ ചിറകിലേറി
മോഹഭംഗത്തിന്‍ ആവരണം എടുത്തണിയാത്തവള്‍
സ്വാതന്ത്ര്യത്തിന്‍റെ പടവാള്‍ എടുത്തവള്‍
അറിയുക ഇന്നിന്‍റെ അമ്മയെ അറിയുക നീ എന്നെ
ഇന്നിന്‍റെ അമ്മയായി, അറിയുക നീ എന്നെ
ഇന്നിന്‍റെ ചൈതന്യമായി.......................

എന്‍ഡോസള്‍ഫാന്‍

എവിടെ?  ചിരിക്കും വെള്ളിത്താരകള്‍
വിരിക്കും നറുപൂതാലങ്ങള്‍
അവിടെ നടക്കല്‍ തല തല്ലി നില്‍പ്പൂ
ചിതറിതെറിക്കും വിഷത്തുള്ളികള്‍
ബാല്യത്തിന്‍ കൊമ്പും  കോതും കരിച്ചുണക്കും
ലാഭക്കൊതിയേറും മര്‍ത്ത്യന്റെ കണ്ണുകള്‍
കുഞ്ഞു മിഴികളില്‍ വിടരും കിനാവുകള്‍
ചൂഴ്ന്നെടുത്തൊട്ടുമേ കനിവേതുമില്ലാതെ
വേദന ക്കത്തി പ്പിടക്കുമാ കണ്‍കളില്‍
പ്രാണന്‍റെ ചിറകടി കേട്ടില്ലവരൊട്ടുമേ
നോവുകള്‍ ആത്മാവില്‍ നീറിപ്പടരുന്ന
നോവുകള്‍ക്കുള്ളില്‍ കരിയും കിനാവുകള്‍
ശബ്ദമടക്കി നിശബ്ദം കരഞ്ഞവര്‍
ജീവിതചുമരിനകത്തൊരു കനല്‍ചൂള തീര്‍ത്തവര്‍
ഇല്ല കഴിയില്ലിനി ശോഷിച്ച മെയ്യുമായി
മൃത്യുവിന്‍ കയ്യേ ഗ്രഹിക്കുവാന്‍
ഇല്ല കഴിയില്ല വിഷ മഴ പെയ്തൊരു
തുള്ളികളിനിയും ഏറ്റു നില്‍ക്കാന്‍
വയ്യാ ഇനിയും മാതൃത്വമേകുവാന്‍
വിഷക്കാനി പെറ്റൊരു മാംസ പിണ്ധത്തെ താങ്ങുവാന്‍
ഇല്ല കഴിയില്ലിനി ജനിമ്രിതികള്‍
തന്‍ നടുവില്‍ താരാട്ടു പാടുവാന്‍
ഇല്ല കഴിയില്ല താലോലമാട്ടുവാന്‍
മുളച്ചു വളരുന്ന കുഞ്ഞു മുകുളത്തെയും
ആരുടെ കനിവിനായ് കാത്തിരിക്കേണമീ
അല്പ്പായുസ്സെങ്കിലും ഈ ഹതഭാഗ്യര്‍ എത്ര നാള്‍